കോന്നി: ബിജെപിക്കെതിരെ ഇരുമുന്നണികളും ഭയപ്പാടിന്റെ രാഷ്ട്രീയം പയറ്റുന്നുവെന്ന് പി എസ് ശ്രീധരൻപിള്ള. എല്ലാ വോട്ടുകളും സുരേന്ദ്രനിലേക്ക് എന്ന നിലയിൽ കോന്നിയിലെ സാഹചര്യം മാറിയെന്നും എല്ലാ വിഭാഗം ജനങ്ങൾക്കും ബിജെപി അനുകൂല നിലപാടെന്നും ശ്രീധരൻപിള്ള പറഞ്ഞു.

കോന്നിയിലെ ക്രൈസ്തവ വോട്ടുറപ്പിക്കാൻ മതനേതൃത്വങ്ങളെ കണ്ടിരുന്നുവെന്ന് പറഞ്ഞ ശ്രീധരൻപിള്ള കോന്നിയിലടക്കം പിന്തുണ ഉറപ്പെന്നും പറഞ്ഞു. തുഷാറിന്‍റെ തോൽവി പ്രവചനം ഓരോരുത്തരുടെയും വിലയിരുത്തലാണെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു. പാലാ ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ തുഷാർ വെള്ളാപ്പള്ളി ബിജെപിക്കെതിരെ പറഞ്ഞിട്ടില്ലെന്നും ബിഡിജെഎസ് വോട്ട് മറിച്ചെന്ന ആരോപണം ബിജെപി ഉന്നയിച്ചിട്ടില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു. 

പി എസ് ശ്രീധരൻ പിള്ളയുടെ വാക്കുകൾ..
 
'ബിജെപിയെ ഭയപ്പെടുത്തി മാറ്റി നിർത്തുകയായിരുന്നു. ആ തടസ്സങ്ങളെല്ലാം ഇപ്പോൾ മാറിയിരിക്കുന്നു.  സുരേന്ദ്രനെ സംബന്ധിച്ചിടത്തോളം എല്ലാ വിഭാ​ഗങ്ങളുടെയും വോട്ട് ലഭിക്കുന്ന തരത്തിലേക്ക് കോന്നി മണ്ഡലം മാറിയിരിക്കുന്നു. കോന്നിയിൽ വിജയം ഉറപ്പാണെന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. ഇതിന് തടയിടാൻ ഇരുമുന്നണികളും കുപ്രചരണങ്ങളെ അവലംബിക്കുകയാണ്'- ശ്രീധരൻപിള്ള പറഞ്ഞു.

വോട്ടുകച്ചവടം നടത്തിയിട്ട് തോറ്റപ്പോള്‍ ഉത്തരവാദിത്തം ബിഡിജെഎസിന്‍റെ തലയില്‍ ബിജെപി കെട്ടിവെക്കുന്നെന്നായിരുന്നു തുഷാർ വെള്ളാപ്പള്ളി കഴിഞ്ഞദിവസം വിമര്‍ശനം ഉന്നയിച്ചത്. പാലായിലെ ബിജെപി സ്ഥാനാര്‍ത്ഥിയെയും തുഷാര്‍ വിമര്‍ശിച്ചിരുന്നു. പാലായിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയോഗത്തിൽ പോലും സ്ഥാനാർത്ഥി പങ്കെടുത്തില്ലെന്നും തന്നെ ഫോണിൽ പോലും വിളിച്ചില്ലെന്നും തുഷാര്‍ കുറ്റപ്പെടുത്തുകയുണ്ടായി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടെ പ്രസ്താവന തിരിച്ചടിയായെന്ന് ചില ബിജെപി നേതാക്കൾ ആരോപിക്കുന്നത് ശരിയല്ലെന്നും തുഷാർ പറഞ്ഞിരുന്നു.

Read Also: 'പാലായില്‍ ബിജെപി വോട്ടുകച്ചവടം നടത്തി'; രൂക്ഷ വിമര്‍ശനവുമായി തുഷാര്‍ വെള്ളാപ്പള്ളി