തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാർത്ഥി മോഹൻകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകാനൊരുങ്ങി ശശി തരൂർ എംപി വട്ടിയൂർക്കാവിലെത്തി. വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഇനി സജീവമായി ഉണ്ടാകുമെന്ന് ശശി തരൂർ പറഞ്ഞു. മുമ്പേ നിശ്ചിയിച്ച ചില കാര്യങ്ങൾ ഉണ്ടായിരുന്നത് കൊണ്ടാണ് നേരെത്തെ എത്താൻ കഴിയാത്തിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വട്ടിയൂര്‍ക്കാവില്‍ നേതാക്കള്‍ പ്രചാരണ രംഗത്ത് സജീവമാകുന്നില്ലെന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് പ്രചാരണത്തിനായി ശശി തരൂര്‍ രം​ഗത്തെത്തിയിരിക്കുന്നത്.

വട്ടിയൂർക്കാവിൽ എൽ‍‍ഡിഎഫ് സ്ഥാനാർത്ഥി വികെ പ്രശാന്ത് വിജയിക്കുമെന്ന് പറഞ്ഞിട്ടില്ല. യുഡിഎഫ് സ്ഥാനാർത്ഥി മോഹൻ കുമാർ നല്ല സ്ഥാനാർത്ഥിയാണ്. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്റെ പരിപാടികളെല്ലാം റദ്ദാക്കണമെന്ന് സ്പീക്കർ പറഞ്ഞിട്ടുണ്ട്. എന്നാൽ, വിദേശത്ത് പാർലമെന്റ് സംഘത്തെ നയിക്കേണ്ട ദൗത്യമുള്ളതിനാൽ പതിനൊന്നാം തീയതി മുതൽ താൻ ഉണ്ടാകില്ലെന്നും തരൂർ അറിയിച്ചിട്ടുണ്ട്.

ഇത്തവണ ബിജെപി വട്ടിയൂർക്കാവിൽ ഒരു തരംഗമല്ല. എന്നാലും ശക്തമായ മത്സരമുണ്ടാകും. ഇന്ന് രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നവർക്ക് ഒരു ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ കഴിയില്ല. താൻ ആരെയും വില കുറച്ചു കാണുന്നില്ല. വ്യക്തികളുടെയും ജാതിയും മതവും നോക്കി വോട്ട് ചെയ്യുന്ന കാലം മാറേണ്ടിയിരിക്കുന്നു. രാഷ്ടീയം പരിശോധിച്ച് വോട്ട് ചെയ്യണം. ഞാൻ ഒരിക്കലും ജാതിയും സമുദായവും നോക്കിയിട്ടില്ലെന്നും തരൂർ പറഞ്ഞു.

Read More:വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന് വേഗം പോരെന്ന് സ്ഥാനാര്‍ഥിക്ക് പരാതി

ശബരിമല ഒരു രാഷ്ടീയ തട്ടകമാക്കാനാണ് ബിജെപി ശ്രമിച്ചത്. അത് ചൂണ്ടി കാണിക്കുകയാണ് യുഡിഎഫ് ചെയ്തത്. താൻ മോദി അനുകൂല നിലപാട് ഒരിടത്തും സ്വീകരിച്ചിട്ടില്ല. കോൺഗ്രസിന് ഒരു ഉപദേശമായാണ് താൻ ഒരിക്കൽ കാര്യങ്ങൾ പറഞ്ഞിരുന്നത്. താൻ ബിജെപിയെ വിമർശിക്കുന്നതിന്റെ പത്ത് ശതമാനമെങ്കിലും എന്നെ വിമർശിക്കുന്ന നേതാക്കൾ ചെയ്തിട്ടില്ല.

എസ്‍സി/എസ്‍ടി കേസിൽ സുപ്രീം കോടതി വിധി മറികടക്കാൻ ബിജെപി നിയമ നിർമാണം നടത്തി. പിന്നെ എന്തുകൊണ്ട് ശബരിമല വിധിയിൽ ബിജെപി നിയമ നിർമ്മാണം നടത്തുന്നില്ല. അതിനർത്ഥം ശബരിമല വിഷയത്തിൽ ബിജെപി നാടകം കളിക്കുന്നു എന്നാണ്. പള്ളിതർക്കത്തിൽ എല്ലാവരുടെയും അഭിപ്രായം തേടിയ സംസ്ഥാന സർക്കാർ ശബരിമല കാര്യത്തിൽ എടുത്തു ചാടിയെന്നും തരൂർ കൂട്ടിച്ചേർത്തു.

Read More:വട്ടിയൂര്‍ക്കാവില്‍ നാളെ മുതല്‍ പ്രചാരണത്തിനിറങ്ങും; പരാതിക്ക് പരിഹാരവുമായി ശശി തരൂർ

വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന് നേതാക്കള്‍ സജീവമാകുന്നില്ലെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെ മോഹൻകുമാറിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ശശി തരൂർ എംപി രം​ഗത്തെത്തിയിരുന്നു. നേരത്തെ നിശ്ചയിച്ച പരിപാടികൾ കാരണമാണ് തിരുവനന്തപുരത്ത് ഇല്ലാത്തതെന്നും നാളെ മുതൽ പ്രചാരണത്തിൽ സജീവമാകുമെന്നും മോഹന്‍ കുമാറിന്‍റെ വിജയത്തിനായി സജീവമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം  ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. സെപ്തംബർ അഞ്ചിന് തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുമെന്നായിരുന്നു തരൂർ പോസ്റ്റിൽ പറഞ്ഞിരുന്നത്.    

വട്ടിയൂര്‍ക്കാവില്‍ നേതാക്കള്‍ പ്രചാരണ രംഗത്ത് സജീവമാകുന്നില്ലെന്ന പരാതി ഏറെ ചര്‍ച്ചയായിരുന്നു. ഇക്കാര്യത്തിൽ അതൃപ്തി അറിയിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാർ തന്നെ രം​ഗത്തെത്തിയിരുന്നു. നിലവിലെ പ്രചാരണത്തില്‍ വേഗം പോരായെന്നും കൂടുതല്‍ നേതാക്കള്‍ സജീവമായി പ്രചാരണത്തില്‍ പങ്കെടുക്കണമെന്നും മോഹന്‍കുമാർ കോൺ​ഗ്രസ്റെ നേതൃത്വത്തിനോട് ആവശ്യപ്പെട്ടു. സ്ഥലം എംപിയായ ശശി തരൂരും വട്ടിയൂര്‍ക്കാവ് എംഎല്‍എ മുരളീധരനും പ്രചാരണത്തില്‍ സജീവമായില്ലെന്നും താഴെ തട്ടില്‍ പ്രചാരണം വേണ്ടത്ര ശക്തമല്ലെന്നും മോഹന്‍കുമാർ പരാതിപ്പെട്ടിരുന്നു.

Read More:മെല്ലെപ്പോക്ക് വിവാദം; വട്ടിയൂര്‍ക്കാവ് പ്രചാരണത്തില്‍ കെപിസിസി ഇടപെട്ടു, മുരളിയും തരൂരും നാളെയെത്തും
 
ഏറെ തര്‍ക്കങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും ഒടുവിലാണ് കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പിന്റെ സീറ്റായ വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. മുന്‍ എംപി പീതാംബരക്കുറുപ്പിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദ്ദേശമായിരുന്നു കെ മുരളീധരന്‍ എംപി മുന്നോട്ട് വെച്ചത്. എന്നാല്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം കുറുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ കെ മോഹന്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോൺ​ഗ്രസ് സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു.