Asianet News MalayalamAsianet News Malayalam

വട്ടിയൂർക്കാവിൽ ചർ‍ച്ച മേയ‌ർ തന്നെ; വിമർശിച്ച് ബിജെപിയും കോൺ​ഗ്രസും, നേരിട്ട് കടകംപള്ളി

കഴക്കൂട്ടത്തെ ശല്യമൊഴിവാക്കാൻ കടകംപള്ളി സുരേന്ദ്രന്‍ മേയര്‍ വികെ പ്രശാന്തിനെ വട്ടിയൂർക്കാവിലേക്ക് സ്ഥാനാര്‍ത്ഥിയായി വിട്ടതാണെന്നായിരുന്നു ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍റെ പരാമർശം. 

Vattiyoorkavu by election parties campaigns about criticise mayor V K prasanth
Author
Vattiyoorkavu, First Published Oct 6, 2019, 2:29 PM IST

തിരുവനന്തപുരം: വട്ടിയൂർകാവിൽ ഇടത് സ്ഥാനാർത്ഥിയായ മേയറുടെ പ്രവർത്തനങ്ങളെ ചൊല്ലി പോരടിച്ച് മുന്നണികൾ. പ്രളയകാലത്തെ മേയറുടെ പ്രവർത്തനം വലിയ കാര്യമല്ലെന്നാണ് യുഡിഎഫിന്റെ പ്രചാരണം. മേയർ സ്ഥാനത്തുനിന്നും വികെ പ്രശാന്തിനെ വെട്ടാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രശാന്തിനെ സ്ഥാനാർത്ഥിയാക്കിയതാണെന്ന് ബിജെപി ആവർത്തിച്ചാരോപിക്കുന്നുണ്ട്.

മേയർ ബ്രോ പ്രതിച്ഛായയിൽ ഊന്നിയാണ് വട്ടിയൂർകാവിലെ ഇടത് പ്രചാരണം നടക്കുന്നത്. പ്രളയകാലത്തെ സന്നദ്ധപ്രവർത്തനങ്ങൾ ഉയർത്തികാട്ടിയാണ് എൽഡിഎഫിന്റെ വോട്ടുപിടുത്തം. ഈ സാഹചര്യത്തിലാണ് യുഡിഎഫും ബിജെപിയും മേയറെ തന്നെ ലക്ഷ്യമിടുന്നത്. ഊതിവീർപ്പിച്ച ബലൂൺ മാത്രമാണ് മേയറെന്നും ഒരു മൊട്ടുസൂചികൊണ്ട് തൊട്ടാൽ ആ ബലൂൺ പൊട്ടിപ്പോകുമെന്നും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി പരിഹസിച്ചു.

മേയർക്കെതിരെ വിമർശനവുമായി കെ മുരളീധരന് പിന്നാലെ പത്മജ വേണുഗോപാലും രം​ഗത്തെത്തി. മേയർ ബ്രോ എന്ന് പറയുന്നയാളെ അ‍ഞ്ചുമാസം മുമ്പ് താൻ കണ്ടിട്ടില്ല. കഴിഞ്ഞ പ്രളയത്തിൽ അന്നത്തെ ജില്ലാ കളക്ടറായിരുന്നു വാസുകിയായിരുന്നു കാര്യങ്ങളൊക്കെ ചെയ്തിരുന്നതെന്നായിരുന്നു പത്മജയുടെ പ്രതികരണം. 

"

കുമ്മനവുമായി നിരവധി വട്ടം പോരടിച്ച കടകംപള്ളി, മേയറെ പിന്തുണച്ച് എതിരാളികളുടെ വിമർശനത്തെ നേരിടുകയാണെന്നും ബിജെപി ആരോപിച്ചു. ശബരിമലയും അടക്കമുള്ള വിഷയങ്ങളെക്കാൾ പ്രചാരണം മേയറിൽ ചുറ്റി വരുന്നതിൽ ഇടത് മുന്നണി ഉള്ളിൽ സന്തോഷിക്കുകയാണെന്നും ബിജെപി ആരോപിക്കുന്നുണ്ട്.

കഴക്കൂട്ടത്തെ ശല്യമൊഴിവാക്കാൻ കടകംപള്ളി സുരേന്ദ്രന്‍ മേയര്‍ വികെ പ്രശാന്തിനെ വട്ടിയൂർക്കാവിലേക്ക് സ്ഥാനാര്‍ത്ഥിയായി വിട്ടതാണെന്നായിരുന്നു ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍റെ പരാമർശം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ സിപിഎം കോൺഗ്രസിനാണ് വോട്ട് കച്ചവടം നടത്തിയതെന്നും സിപിഎം-ബിജെപി വോട്ടുകച്ചവടത്തിന് മറുപടിയായി കുമ്മനം പ്രതികരിച്ചിരുന്നു.

Read More:കഴക്കൂട്ടത്തെ ശല്യമൊഴിവാക്കാന്‍ കടകംപള്ളി പ്രശാന്തിനെ വട്ടിയൂര്‍ക്കാവിലേക്ക് അയച്ചു: കുമ്മനം

ഇതിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ രം​ഗത്തെത്തിയിരുന്നു. പ്രളയകാലത്ത് മുരളീധരനും കുമ്മനവുമൊക്കെ എവിടെയായിരുന്നുവെന്നാണ് കടകം പള്ളി സുരേന്ദ്രന്റെ ചോദ്യം. ജനങ്ങൾ തെരഞ്ഞെടുത്ത വികെ പ്രശാന്തിനെ അവഹേളിക്കുന്നത് ശരിയല്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.  വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കിയത് കടകംപള്ളിയുടെ ചതിയെന്ന് പ്രസംഗിച്ച് നടക്കുന്നത് എല്ലാവരും തന്നെപ്പോലെയാണെന്ന് കരുതിയാണെന്നും കടകംപള്ളി ഫേസ്ബുക്കില്‍ കുറിച്ചു.

Read More:'കുമ്മനടി' പ്രയോ​ഗത്തിൽ കുമ്മനം രാജശേഖരനോട് ക്ഷമ ചോദിച്ച് കടകംപള്ളി സുരേന്ദ്രൻ

Follow Us:
Download App:
  • android
  • ios