തൃശൂരിൽ ഡിഐജി ഓഫീസിന് സമീപമുള്ള ഇരട്ടച്ചിറ ശിവക്ഷേത്രത്തിൽ കവർച്ച നടന്നു. ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. സംഭവസ്ഥലത്ത് നിന്ന് മോഷ്ടാവിന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്, അന്വേഷണം ആരംഭിച്ചു.

തൃശൂർ: തൃശൂരില്‍ ഡിഐജി ഓഫീസിനടുത്ത് കവർച്ച. ഓഫീസിനോട് ചേർന്ന ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. മോഷ്ടാവ് ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. തൃശ്ശൂർ ഇരട്ടച്ചിറ ശിവക്ഷേത്രത്തിലാണ് കവർച്ച നടന്നത്. രാത്രി 11.42നാണ് മോഷ്ടാവ് മാരിയമ്മൻ കോവിലിൽ എത്തിയത്. മാരിയമ്മന്‍ കോവിലിലെയും ശിവ ക്ഷേത്രത്തിലെയും ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്. കള്ളന്റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

Add Asianetnews as a Preferred SourcegooglePreferred

സ്വരാജ് റൗണ്ടില്‍ നിന്ന് ശക്തന്‍ മാര്‍ക്കറ്റിലേക്കിറങ്ങുന്ന എം ഒ റോഡിലാണ് ജില്ലയിലെ പ്രധാനപ്പെട്ട ഉന്നത പൊലീസ് കേന്ദ്രങ്ങളെല്ലാമുള്ളത്. ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍, കമ്മീഷ്ണര്‍ ഓഫീസ്, വനിതാ പൊലീസ് സ്റ്റേഷന്‍, പൊലീസ് ക്ലബ്, എസിപി ഓഫീസ്, ഏറ്റവും ഒടുവില്‍ ഡിഐജി ഓഫീസ്. രാത്രി പതിനൊന്നേ മുക്കാലോടെ സ്ഥലത്തെത്തിയ കളളന്‍ പൊലീസ് ഓഫീസുകളുടെ ഇടവും വലവുമുള്ള ക്ഷേത്ര ഭണ്ഡാരങ്ങളാണ് കവര്‍ന്നത്. ആദ്യമെത്തിയത് മാരിയമ്മന്‍ കോവിലില്‍. മൂന്ന് ഭണ്ഡാരങ്ങള്‍ തകര്‍ത്ത് നോട്ടുകള്‍ കവര്‍ന്നു. ചില്ലറത്തുട്ടുകള്‍ കൊണ്ടുപോയതുമില്ല.

പിന്നാലെ തൃശൂര്‍ റേഞ്ച് ഡിഐജി നാരായണന്‍റെ ഓഫീസ് മതിലിനോട് ചേര്‍ന്ന ഇരട്ടച്ചിറ ശിവ ക്ഷേത്രത്തിലുമെത്തി. പൂട്ട് തകര്‍ത്ത് ക്ഷേത്രത്തിനുള്ളില്‍ കടന്ന് ഭണ്ഡാരം കുത്തിത്തുറന്നു. ക്ഷേത്രം ഭാരവാഹികള്‍ ഇന്നലെ ഭണ്ഡാരം തുറന്ന് പണമെടുത്തതിനാല്‍ അധികം പണം ഭണ്ഡാരത്തിലുണ്ടായിരുന്നില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

YouTube video player