'സിനിമയില്‍ വാഹനം മറിച്ചിടുന്ന നടന്‍, കിതച്ച് ലോറിയുടെ പിറകില്‍ പിടിച്ച് ജാഥ നടത്തുന്നു': എ വിജയരാഘവന്‍
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വലിയ തട്ടിപ്പാണെന്നും വിഷയത്തില്‍ പാര്‍ട്ടി കൃത്യമായി ജാഗ്രതയോടെ ഇടപെട്ടുവെന്നും എ വിജയരാഘവന്‍ പറഞ്ഞു

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വലിയ തട്ടിപ്പാണെന്നും വിഷയത്തില്‍ പാര്‍ട്ടി കൃത്യമായി ജാഗ്രതയോടെ ഇടപെട്ടുവെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. തൃശ്ശൂരില്‍ എല്‍.ഡി.എഫ് സഹകരണ സംരക്ഷണ ജനകീയ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വിജയരാഘവന്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഒറ്റപ്പെട്ട അപവാദമായ സംഭവം മാത്രമാണെന്ന് വിജയരാഘവന്‍ പറഞ്ഞു.
കരുവന്നൂരില്‍ നടന്നത് വലിയ തട്ടിപ്പാണ്. എന്നാല്‍, ഇക്കാര്യത്തില്‍ ജാഗ്രതയോടെയാണ് പാര്‍ട്ടി ഇടപെട്ടത്. തെറ്റു ചെയ്ത ആരെയും പാര്‍ട്ടി സംരക്ഷിച്ചില്ല. ഇതിന്‍റെ പേരില്‍ പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന് പലര്‍ക്കും വ്യാമോഹമുണ്ട്. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഇരകള്‍ക്ക് പിന്തുണയുമായി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ബിജെപി പദയാത്ര നടത്തിയതിനെയും എ വിജയരാഘവന്‍ വിമര്‍ശിച്ചു. പദയാത്രക്ക് നേതൃത്വം നല്‍കിയ സുരേഷ് ഗോപിയെ പരിഹസിച്ചായിരുന്നു വിമര്‍ശനം. താന്‍ മുമ്പ് കണ്ടത് സിനിമയില്‍ വാഹനങ്ങള്‍ മറിച്ചിട്ട നടനെയായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം കണ്ടത് അതേ നടന്‍ കിതച്ച് ലോറിയുടെ പിറകില്‍ പിടിച്ച് ജാഥ നടത്തുന്നതാണ്. അതും ഒരു സമര രീതിയാണെന്നും എ വിജയരാഘവന്‍ പരിഹസിച്ചു.
'കെഎസ്എഫ്ഇയില്‍ ഗുരുതര ക്രമക്കേട്'; വിമര്‍ശനം വിവാദമായതോടെ മയപ്പെടുത്തി എ.കെ ബാലന്‍