Asianet News MalayalamAsianet News Malayalam

സൗമ്യ: കേരളത്തെ നടുക്കിയ കൊടുംക്രൂരതയ്ക്ക് പത്ത് വയസ്, തോരാത്ത കണ്ണീരോടെ അമ്മ സുമതി

പീഡനക്കേസിലെ പ്രതികള്‍ക്ക് തക്കശിക്ഷ വൈകുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നാണ് സൗമ്യയുടെ അമ്മ പറയുന്നത്

10 years of Soumya murder case
Author
Thrissur, First Published Feb 6, 2021, 7:56 AM IST

തൃശ്ശൂർ: കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ സൗമ്യ വധക്കേസിന് പത്ത് വയസ്. ട്രെയിൻ യാത്രയ്ക്കിടെ ബലാത്സംഗത്തിന് ഇരയാവുകയും അഞ്ച് ദിവസം മരണത്തോട് മല്ലടിച്ച് ചികിത്സയിൽ കഴിഞ്ഞ ശേഷം ജീവൻ വെടിയുകയും ചെയ്തിട്ട് ഇന്ന് പത്ത് വർഷം പൂർത്തിയാവുകയാണ്. പ്രതി ഗോവിന്ദച്ചാമി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. വർഷങ്ങൾക്കിപ്പുറവും മകളുടെ ഓർമ്മകളിൽ ജീവിക്കുകയാണ് അമ്മ സുമതി. 

പീഡനക്കേസിലെ പ്രതികള്‍ക്ക് തക്കശിക്ഷ വൈകുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നാണ് സൗമ്യയുടെ അമ്മ പറയുന്നത്. 'പത്ത് വർഷം കഴിഞ്ഞിട്ടും അവൻ ജീവനോടെ ഇരിക്കുന്നത് സങ്കടമാണ്. അവൻ മരിക്കുന്നത് കണ്ട് മരിച്ചാൽ മതി എനിക്ക്. എന്നാൽ ഓരോ ദിവസം കഴിയും തോറും അവന് ആയുസ് കൂടി വരികയാണെന്നാണ് തോന്നുന്നത്,' സുമതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

22കാരിയായിരുന്ന സൗമ്യ 2011 ഫെബ്രുവരി ഒന്നിന് ട്രെയിൻ യാത്രയ്ക്കിടെയാണ് ആക്രമിക്കപ്പെട്ടത്. എറണാകുളത്ത് നിന്ന് ഷൊർണൂരേക്ക് വന്ന പാസഞ്ചർ ട്രെയിനിന്റെ വനിതാ കംപാർട്മെന്റിൽ അതിക്രമിച്ച് കടന്നാണ് ഗോവിന്ദച്ചാമി സൗമ്യയെ ആക്രമിച്ചത്. ഇയാൾ സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായ ബലാത്സംഗത്തിന് വിധേയയാക്കിയെന്നും വീഴ്ചയുടെയും അതിക്രമത്തിന്റെയും ഭാഗമായി സൗമ്യ കൊല്ലപ്പെട്ടുവെന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തൽ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു. കേസിൽ വിചാരണക്കോടതിയുടെ വധശിക്ഷ ഹൈക്കോടതിയും ശരിവെച്ചെങ്കിലും സുപ്രീം കോടതി വധശിക്ഷ ഇളവ് ചെയ്തു. 
 

Follow Us:
Download App:
  • android
  • ios