തിരുവനന്തപുരം: കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന പോരാട്ടം ധ്രുത ഗതിയിൽ തന്നെ മുന്നോട്ട് പോകുകയാണ്. ഇന്ന് സംസ്ഥാനത്ത് പതിമൂന്ന് പേർ രോ​ഗ മുക്തി നേടിയപ്പോൾ രണ്ട് പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. അബുദാബിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കും ദുബായില്‍ നിന്നും വന്ന കാസര്‍ഗോഡ് ജില്ലക്കാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ട, കോട്ടയം, തൃശൂര്‍ എന്നീ ജില്ലകൾ കൊവിഡ് മുക്തി നേടിയിട്ടുണ്ട്.

കാസര്‍ഗോഡ് ജില്ലയിലെ 8 പേരുടേയും കണ്ണൂര്‍ ജില്ലയിലെ 3 പേരുടേയും മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 270 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 129 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 55,129 പേര്‍ വീടുകളിലും 461 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രണ്ട് മരണങ്ങളാണ് കൊവിഡ് മൂലം സംസ്ഥാനത്ത് നടന്നത്. 

ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നവരുടെ കണക്കുകൾ

തിരുവന്തപുരം - 2

കൊല്ലം -  5

പത്തനംതിട്ട - 6

ആലപ്പുഴ - 2

എറണാകുളം -2

പാലക്കാട് - 2

മലപ്പുറം - 6

കോഴിക്കോട്- 13

വയനാട്-  1

കണ്ണൂര്‍- 48

കസര്‍കോട് -42

അതേസമയം, ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. ഗ്രീൻ, ഓറഞ്ച് ബി മേഖലകളിലാണ് നാളെ മുതല്‍ ഇളവ്. ഗ്രീൻ മേഖലയില്‍ കോട്ടയം, ഇടുക്കി ജില്ലകളും ഓറഞ്ച് ബി മേഖലയില്‍ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാളെ ഒറ്റ അക്ക നമ്പര്‍ വാഹനങ്ങള്‍ നിരത്തിലിറക്കാമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.