Asianet News MalayalamAsianet News Malayalam

കാസര്‍കോട് വീണ്ടും കൊവിഡ്; മഞ്ചേശ്വരത്ത് നിരോധനാജ്ഞ

60 വയസ്സിന് മുകളിലുള്ളവരും, കുട്ടികളും ഒരു കാരണവശാലും പുറത്തിറങ്ങാൻ പാടില്ല.

144 imposed in Manjeshwar
Author
Manjeshwaram, First Published May 11, 2020, 10:26 PM IST

മഞ്ചേശ്വരം: കാസര്‍കോട് വീണ്ടും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവുയെന്നാണ് നിര്‍ദേശം. 60 വയസ്സിന് മുകളിലുള്ളവരും, കുട്ടികളും ഒരു കാരണവശാലും പുറത്തിറങ്ങാൻ പാടില്ല. ഉപ്പള,മംഗൽപാടി, പൈവളികെ എന്നീ സ്ഥലങ്ങളിലാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 

ഒരു ഘട്ടത്തിൽ രാജ്യത്തേറ്റവും കൂടുതൽ കൊവിഡ് രോഗികളുണ്ടായിരുന്ന ജില്ലയായിരുന്ന കാസർകോട് ആഴ്ചകൾ നീണ്ട ട്രിപ്പിൾ ലോക്ക് ഡൗണിലൂടേയും ആരോ​ഗ്യപ്രവ‍ർത്തകരുടെ ശക്തമായ പോരാട്ടത്തിന്‍റെയും ഫലമായാണ് പൂ‍ർണ കൊവിഡ് മുക്തി നേടിയത്. ചികിത്സയിലുണ്ടായിരുന്ന അവസാന രോ​ഗിയും 48 മണിക്കൂറിനിടെ രണ്ട് തവണ ഫലം നെ​ഗറ്റീവായതിനെ തുട‌ർന്ന് ഇന്നലെ ആശുപത്രി വിട്ടു.

ഹോട്ട് സ്പോട്ടിൽ നിന്നും ​ഗ്രീൻ സോണിലേക്കുള്ള മാറ്റത്തിനായി ജില്ല ഒന്നാകെ കാത്തിരിക്കുന്നതിനിടെയാണ് ഇന്ന് തീ‍ർത്തും അപ്രതീക്ഷിതമായി കാസ‍ർകോട് ജില്ലയിൽ നാല് കൊവിഡ് കേസുകൾ കൂടി റിപ്പോ‍ർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നും തലപ്പാടി ചെക്ക് പോസ്റ്റ് വഴി റോഡ‍് മാ‍ർ​ഗം എത്തിയ നാല് പേ‍ർക്കാണ് ഇന്ന് കാസർകോട് കൊവിഡ് സ്ഥിരീകരിച്ചത്. 

കൊവിഡ് ഹോട്ട് സ്പോട്ടായ മുംബൈയിൽ നിന്നും വന്ന 41,19 പ്രായത്തിലുള്ള കുമ്പള സ്വദേശികൾക്കും 61 വയസുള്ള മം​ഗൽപാടി സ്വദേശിക്കും 51 വയസുള്ള പൈവളികെ സ്വദേശിക്കുമാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. രോ​ഗബാധിതരെല്ലാം തന്നെ പുരുഷൻമാരാണ്. കേരളത്തിലേക്ക് തിരികെ വന്നപ്പോൾ മുതൽ ഇവരെല്ലാം തന്നെ ഹോം ക്വാറൻ്റൈനിലാണ് എന്നാണ് വിവരം. 

Follow Us:
Download App:
  • android
  • ios