മുഖകാന്തി വർദ്ധിപ്പിക്കാനുള്ള ഫേസ്ക്രീമിലെ വിഷബാധമൂലം ഗുരുതരമായ വൃക്കരോഗം ബാധിച്ച 17 കാരി നിയമപോരാട്ടം ശക്തമാക്കുന്നു. മറ്റുള്ളവരെ ഈ വിപത്തിൽ നിന്ന് രക്ഷിക്കാനാണ് താൻ കേസുമായി മുന്നോട്ട് പോകുന്നതെന്ന് കുട്ടി വ്യക്തമാക്കി

മലപ്പുറം: മുഖകാന്തി വർദ്ധിപ്പിക്കാനുള്ള ഫേസ്ക്രീമിലെ വിഷബാധമൂലം ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ നിയമപോരാട്ടം ശക്തമാകുമെന്ന് ഇരയായ 17 കാരി. മലപ്പുറത്ത് മാധ്യമങ്ങളെ കണ്ട പെൺകുട്ടി കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് വ്യക്തമാക്കി. താൻ ഉപയോഗിച്ചിരുന്ന ക്രീമിന്റെ സാമ്പിൾ പൊലീസിന് നൽകിയെന്നും കുട്ടി വിവരിച്ചു. എഫ് ട്യൂൺ എന്ന ക്രീമിൽ നിന്നാണ് തനിക്ക് വൃക്ക രോഗം ഉണ്ടായതെന്ന് പൊലീസിന് മൊഴി നൽകിയതായും 17 കാരി വ്യക്തമാക്കി. കൺസ്യുമർ കോടതിയിലേക്ക് പോകുമെന്നും കുട്ടി കൂട്ടിച്ചേർത്തു. ഈ ക്രീം ഇപ്പോൾ യൂസ് ചെയ്യുന്നവർ ഉണ്ടെങ്കിൽ അത് നിർത്തണം. ഇക്കാര്യത്തിൽ എന്നെ കമന്റ് ഇട്ട് വേദനിപ്പിക്കുന്നവർ ഉണ്ട്. താൻ എന്തായാലും അകപ്പെട്ടു. മറ്റുള്ളവർ എങ്കിലും രക്ഷപ്പെടണം എന്നാണ് കരുതിയതെന്നും അതുകൊണ്ടാണ് നിയമപോരാട്ടത്തിനിറങ്ങിയതെന്നും 17 കാരി വ്യക്തമാക്കി.

ക്രീമുകളിൽ ഹെവി മെറ്റൽ സാന്നിധ്യം

അതേസമയം സൗന്ദര്യവർധക ഉത്പന്നങ്ങളിലെ വ്യാജന്മാരെ കണ്ടെത്താൻ ആരോഗ്യവകുപ്പ് നടത്തിയ ഓപ്പറേഷൻ സൗന്ദര്യയിൽ ഫെയർനെസ്റ്റ് ക്രീമുകളിൽ കണ്ടെത്തിയത് ഹെവി മെറ്റൽ സാന്നിധ്യമാണ്. അനുവദനീയമായതിലും 20000 മടങ്ങ് മെർക്കുറി സാന്നിധ്യമാണ് ചില ക്രീമുകളിൽ കണ്ടെത്തിയത്. സൗജന്യ സാമ്പിളുകളിലും, ചില ലിപ്സിറ്റിക്കുകളിലും ഹാനികരമായ വസ്തുക്കൾ തിരിച്ചറിഞ്ഞിരുന്നു. പരാതികൾക്ക് പിന്നാലെ ഓപ്പറേഷൻ സൗന്ദര്യ വീണ്ടും ഊർജ്ജിതമാക്കാനാണ് സർക്കാർ നീക്കം.

അനുവദനീയമായതിലും 20000 മടങ്ങ്

സൗന്ദര്യവർധക ഉത്പന്നങ്ങളിൽ ഹെവി മെറ്റൽ വിഭാഗത്തിൽപ്പെടുന്ന മെർക്കുറിയുടെ അനുവദനീയ അളവ് 1 പാർട്ടിക്കൾ പെർ മില്യണാണ്. അഥവാ ഒരു കിലോഗ്രാമിൽ, ഒരു മില്ലി ഗ്രാം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി ആരോഗ്യവകുപ്പ് നടത്തുന്ന ഓപ്പറേഷൻ സൗന്ദര്യയിൽ പിടിച്ചെടുത്ത ചില ക്രീമുകളിൽ കണ്ടെത്തിയത് 20,000 പി പി എം മെർക്കുറിയാണ്. അതായത് അനുവദനീയമായതിലും 20,000 മടങ്ങ്. ഓപ്പറേഷൻ സൗന്ദര്യയിൽ പിടിച്ചെടുത്ത ക്രീമുകളിൽ മിക്കതിനും രേഖകളില്ല. എവിടെ നിർമിച്ചതെന്നോ, എന്താണ് നിർമാണസമാഗ്രികൾ എന്നോ വ്യക്തമല്ല. ഊരും പേരുമില്ലാത്ത ക്രീമുകൾ വിൽക്കുന്നത്, സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകി, ഓൺലൈനായി. പ്രധാന ഇ കൊമേഴ്സ് സൈറ്റുകളിൽ കിട്ടാത്ത വിദേശ ക്രീമുകൾ ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്നവരുമുണ്ട്. വാങ്ങുന്നവർക്ക് ബിൽ പോലും കിട്ടാറില്ല. സൗജന്യമായി കിട്ടുന്ന ചില ക്രീം സാമ്പിളുകളിലും ലിപ്സ്റ്റിക്കുകളിലും ഹെവി മെറ്റൽ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. പത്ത് ലക്ഷത്തിലധികം രൂപയുടെ ഉത്പന്നങ്ങളാണ് ഈ വർഷം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. 14 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഓപ്പറേഷൻ സൗന്ദര്യയിൽ പോലും ഉത്പന്നങ്ങളുടെ ഗുണനിലവാരം ആണ് പ്രധാനമായും പരിശോധിക്കുന്നത്. അപകടരമായ വസ്തുക്കളുടെ സാന്നിധ്യം പലപ്പോഴും പരിശോധിക്കുന്നില്ല. ഹെവി മെറ്റൽ സാന്നിധ്യം പരിശോധിക്കാൻ ചിലവേറും, സംസ്ഥാനത്ത് അതിന് കഴിയുന്ന ലബോറട്ടറികളും ചുരുക്കം. വിദേശത്ത് നിന്ന് ഇംപോർട്ട് ചെയ്യുന്ന, ഓൺലൈനായി വിൽക്കുന്ന ഫെയർനെസ്സ് ക്രീമുകൾ ഉപയോഗിക്കുന്നവരിൽ നിന്നടക്കം സാമ്പിളെടുത്ത് പരിശോധന നടത്തേണ്ടിവരുമെന്നാണ് വിദഗ്ധർ പറയുന്നത്. കൃത്യമായി ലേബലിംഗ് ഇല്ലാത്ത, ഉത്പന്നങ്ങളിൽ അടങ്ങിയ വസ്തുക്കൾ വ്യക്തമാക്കാത്ത, ഇംപോർട്ട് ചെയ്തതെങ്കിൽ അതിന് രേഖകളില്ലാത്ത സൗന്ദര്യവർധക ഉത്പന്നങ്ങളെ കേന്ദ്രീകരിച്ച് പരിശോധന നടത്തും അത്തരം ക്രീമുകളുടെ പട്ടിക നൽകാൻ ആരോഗ്യവകുപ്പ് ഡ്രഗ്സ് കണ്ട്രോൾ വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓൺലൈനിലുടെയുള്ള വിൽപ്പന നീരീക്ഷിക്കാനും, ഇടയ്ക്കിടെയുള്ള പരിശോധന നടത്താനും നിർദ്ദേശമുണ്ട്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

YouTube video player