കഴക്കൂട്ടത്ത്, വിദ്യാർത്ഥികളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തിൽ ബ്ലേഡ് ഉപയോഗിച്ച് ആക്രമണം. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി അപകടനില തരണം ചെയ്തു. പ്രതിയായ കുളത്തൂർ സ്വദേശി അഭിജിത്തിനെ (34) തുമ്പ പോലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂരിൽ പ്ലസ്‌ടു വിദ്യാർഥിയെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊല്ലാൻ ശ്രമം. പ്ലസ് ടു വിദ്യാർത്ഥി കുളത്തൂർ സ്റ്റേഷൻകടവ് പള്ളിക്ക് സമീപം താമസിക്കുന്ന 17കാരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുളത്തൂർ കൊന്നവിളാകം വീട്ടിൽ അഭിജിത്ത് (34) നെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടാണ് കേസിനാസ്‌പദമായ സംഭവം. കഴുത്തിൽ പത്ത് തുന്നലുള്ള വിദ്യാർത്ഥി അപകടനില തരണം ചെയ്‌തെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

ഇന്നലെ വൈകീട്ട് ആറ് മണിയോടെ കഴക്കൂട്ടം ടിഎസ്‌സി ആശുപത്രിക്ക് സമീപത്താണ് സംഭവം നടന്നത്. സ്‌കൂളിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു 17കാരൻ. കുളത്തൂർ ജങ്ഷനിൽ ബസിറങ്ങി ഇടവഴിയിലൂടെ നടന്നു പോയ പെൺകുട്ടികളടക്കമുള്ള വിദ്യാർഥികളെ അഭിജിത്ത് അസഭ്യം പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളും അഭിജിത്തും തമ്മിൽ വാക്കേറ്റമായി. ഇതിനിടെ കൈയ്യിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് വിദ്യാർത്ഥിയെ ആക്രമിച്ച ശേഷം അഭിജിത്ത് ഓടിരക്ഷപ്പെട്ടു.

ഒപ്പമുണ്ടായിരുന്ന വിദ്യാർഥികളുടെ നിലവിളി നാട്ടുകാർ ഓടിയെത്തി. ഉടൻ തുമ്പ പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തിയാണ് വിദ്യാർഥിയെ ആശുപത്രിയിൽ എത്തിച്ചത്. അഭിജിത്ത് നേരത്തേയും വിദ്യാർഥികളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കി.

YouTube video player