മദ്യലഹരിയിൽ കട്ടിലിൽ കിടക്കുകയായിരുന്ന സോൾരാജിനെ പിച്ചാത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തി അടുത്തുള്ള ഏലത്തോട്ടത്തിലും പിറ്റേന്ന് ഇവിടെ നിന്നുമെടുത്ത് സമീപത്തെ തോട്ടിലും ഉപേക്ഷിച്ചു.

ഉടുമ്പൻചോല: ഇടുക്കി ഉടുമ്പൻചോലയിൽ യുവാവിനെ വീടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. ഉടുമ്പൻചോല കാരിത്തോട് സ്വദേശി സോൾരാജ് ആണ് മരിച്ചത്. സോൾരാജിനെ കൊലപ്പെടുത്തിയ സഹോദരി ഭർത്താവ് പി നാഗരാജിനെ പൊലീസ് അറസ്റ്റു ചെയ്തു. ഉടുമ്പൻചോല കാരിത്തോട്ടിലെ വീട്ടിൽ തിങ്കളാഴ്ച രാവിലെയാണ് മുപ്പതുകാരനായ സോൾരാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നു. പ്രാഥമിക പരിശോധനയിൽ കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്റെയും ഉടുമ്പൻചോല നെടുങ്കണ്ടം എസ് എച്ച് ഒ മാരായ പി ഡി അനൂപ് മോൻ ജർലിൻ വി സ്കറിയ എന്നിവരുടെ നേതൃത്വത്തിലള്ള സംഘത്തെ അന്വേഷണത്തിനായി ജില്ല പൊലീസ് മേധാവി നിയോഗിച്ചു. ബന്ധുക്കളെയും നാട്ടുകാരെയും ചോദ്യം ചെയ്തതിൽ നിന്നാണ് നാഗരാജിനെ സംശയം തോന്നി കസ്റ്റഡിയിൽ എടുത്തത്. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. മദ്യലഹരിയിൽ കട്ടിലിൽ കിടക്കുകയായിരുന്ന സോൾരാജിനെ പിച്ചാത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

സംഭവം ദിവസം മദ്യപിച്ച് വീട്ടിലെത്തിയ സേൾരാജ് മാതാപിതാക്കളായ ശങ്കിലിമുത്തുവും ശാന്തയമായി വഴക്കിട്ടു. വഴക്കിനൊടുവിൽ ഇവരെ വീട്ടിൽ നിന്നും ഇറക്കി വിടുകയും ചെയ്തു. സംഭവ ദിവസം ആറു ലിറ്റർ മദ്യവുമായി നാഗരാജിനെ എക്സൈസ് അറസ്റ്റു ചെയ്തിരുന്നു. ഈ കേസിൽ ജ്യാമത്തിലിറങ്ങി വീട്ടിലെത്തുമ്പോഴാണ് സോൾരാജ് മാതാപിതാക്കളെ ആക്രമിച്ച വിവരം നാഗരാജ് അറിയുന്നത്. ഇതോടെയാണ് പ്രതി സോൾരാജിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ് മോൻ പറഞ്ഞു.

സോൾരാജിനെ കൊലപ്പെടുത്തിയ ശേഷം, കൊലയ്ക്ക് ഉപയോഗിച്ച കത്തി അടുത്തുള്ള ഏലത്തോട്ടത്തിലും പിറ്റേന്ന് ഇവിടെ നിന്നുമെടുത്ത് സമീപത്തെ തോട്ടിലും ഉപേക്ഷിച്ചുവെന്ന് പൊലീസ് കണ്ടെത്തി. പ്രതിയെ സ്ഥലത്ത് എത്തിച്ച് നടത്തിയ പരിശോധനയിൽ തോട്ടിൽ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഫയർഫോഴ്സിൻറെ സഹോയത്തോടെ പൊലീസ് കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.