ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന് വീട്ടുകാർ ശകാരിച്ചതിനെ തുടർന്ന് കിഴക്കമ്പലം സ്വദേശിയായ 18-കാരനെ കാണാതായി. അഭിഷേക് എന്ന യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കറുത്ത ടീ ഷർട്ടും ജീൻസുമായിരുന്നു കാണാതാകുമ്പോൾ ധരിച്ചിരുന്നത്.
കിഴക്കമ്പലം: മൊബൈൽ ഫോണിൽ ഗെയിം കളിച്ച് പണം നഷ്ടപ്പെടുത്തിയതിന് വീട്ടുകാർ ശകാരിച്ചതിനെ തുടർന്ന് 18-കാരനെ കാണാതായി. കിഴക്കമ്പലം ചെമ്മലപ്പടി സ്വദേശിയായ അഭിഷേകിനെയാണ് കാണാതായത്.
ഇന്നലെ ഉച്ചയോടെയാണ് യുവാവ് വീട് വിട്ടിറങ്ങിയത്. ഓൺലൈൻ ഗെയിമുകളിലൂടെ പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് വീട്ടുകാർ യുവാവിനെ ഉപദേശിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് അഭിഷേക് ഇറങ്ങിപ്പോയതെന്നാണ് സൂചന.
കാണാതാകുമ്പോൾ കറുത്ത ടീ ഷർട്ടും കറുത്ത ജീൻസുമായിരുന്നു യുവാവിന്റെ വേഷം. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം.


