സീനിയർ ക്ലാർക്ക് നീതു ബാലകൃഷ്ണൻ, ഹെഡ് ക്ലാർക്ക് എൻ കെ ഖദീജ എന്നീ രണ്ട് പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

കോഴിക്കോട്: കൊയിലാണ്ടിയിലെ പിഡബ്ല്യുഡി കെട്ടിട നിർമ്മാണ ഓഫീസിൽ 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കരാറുകാർക്ക് നൽകേണ്ട പണം തട്ടിയെടുത്തെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് രണ്ട് വനിതാ ജീവനക്കാരെ സസ്പെൻഡ് ചെയ്തത്. സീനിയർ ക്ലാർക്ക് നീതു ബാലകൃഷ്ണൻ, ഹെഡ് ക്ലാർക്ക് എൻ കെ ഖദീജ എന്നിവർക്കാണ് സസ്പെൻഷൻ. കരാറുകാരനായ മനോജ് കുമാറിന് ലഭിക്കേണ്ട 16 ലക്ഷം രൂപ നീതു ബാലകൃഷ്ണൻ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ഈ തട്ടിപ്പ് കണ്ടെത്തുന്നതിൽ പിഴവ് വരുത്തിയതിനാണ് ഖദീജക്കെതിരെ നടപടിയെടുത്തത്.

പൊതുമരാമത്ത് വകുപ്പിൽ നിന്ന് പൂർത്തിയായ പ്രവൃത്തിക്ക് പണം ലഭിക്കാനുണ്ടായിരുന്നു. ഇത് ലഭിക്കാതെ വന്നതോടെ പല തവണ മനോജ് കുമാർ ഓഫീസിൽ കയറിയിറങ്ങി. എന്നാൽ പണം ലഭിക്കാതെ വന്നതോടെ മേലുദ്യോഗസ്ഥർക്ക് പരാതി നൽകി. അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതിൽ മനോജ് കുമാറിന് ലഭിക്കേണ്ട പണം നീതു തട്ടിയെടുത്തതായി കണ്ടെത്തി. ഹെഡ് ക്ലർക്കായ ഖദീജയുടെ ഭാഗത്ത് നിന്ന് കൃത്യനിർവഹണത്തിൽ വീഴ്ചയുണ്ടെന്നും കണ്ടെത്തിയതോടെയാണ് സസ്പെൻഷൻ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് വിവരം. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ.