ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂന മർദ്ദം നാളെ ശ്രീലങ്കൻ തീരത്ത് പ്രവേശിക്കും. ഇതിന്റെ ഫലമായി കേരളത്തിൽ ജനുവരി 9 മുതൽ 11 വരെ മഴയ്ക്ക് സാധ്യതയുണ്ട്. ജനുവരി 10ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കൊളംബോ: രാജ്യത്ത് കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയ ഡിറ്റ് വാ ചുഴലിക്കാറ്റിന് ശേഷം ശ്രീലങ്കയിൽ വീണ്ടും തീവ്ര ന്യൂന മർദ്ദ മുന്നറിയിപ്പ്. ശ്രീലങ്കയുടെ തെക്കുകിഴക്കൻ ഭാഗത്ത് ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന അതി ന്യൂനമർദ്ദം നാളെ ( 2026 ജനുവരി 9) വൈകിട്ട് 5.30 മുതൽ രാത്രി 11.30 വരെ ഹംബൻടോട്ടയും കൽമുനാക്കുമിടയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. ദ്വീപിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മേഘാവൃതമാകും. കിഴക്കൻ പ്രവിശ്യയിലെ ചില ഭാഗങ്ങളിലും മുല്ലൈത്തീവ് വവുനിയ, കിളിനോച്ചി, പോളൊന്നറുവ ജില്ലകളിലും 150 മില്ലീമീറ്ററിന് മുകളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ കേരളത്തിൽ 3 ദിവസം (ജനുവരി 9 , 10, 11) മഴ സാധ്യത ശക്തമായിരിക്കും. ജനുവരി 10 ന് ഒറ്റപ്പെട്ട ശക്തമായ മഴക്കും കേരളത്തിൽ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് പ്രകാരം അന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (07/01/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
