ബാബുവിന് വെള്ളം എത്തിക്കാനുള്ള ശ്രമത്തിലാണ് സൈന്യം.
പാലക്കാട്: പാലക്കാട് മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷിക്കാന്‍ സമാനതകള്‍ ഇല്ലാത്ത രക്ഷദൌത്യവുമായി സൈന്യം. ബാബുവിന് അടുത്ത് സൈന്യം എത്തിയെന്നാണ് ഏറ്റവും പുതിയ വിവരം. സൈനിക സംഘം ബാബുമായി സംസാരിച്ചു. ബാബുവിന് വെള്ളം എത്തിക്കാനുള്ള ശ്രമത്തിലാണ് സൈന്യം. ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് സൈന്യം പറയുന്നത്. രാത്രിമുഴുവന്‍ രക്ഷദൌത്യത്തിലായിരുന്നു സൈന്യം. ബാബു മലയില്‍ കുടുങ്ങിയിട്ട് 40 മണിക്കൂറോളം പിന്നിടുകയാണ്. ബാബുവിന് 300 മീറ്റര്‍ അടുത്ത് സൈന്യം എത്തിയെന്നാണ് വിവരം.
പുലര്‍ച്ചെ മൂന്ന് മണിയോടെ ബാബുവുമായി സൈനിക സംഘം സംസാരിച്ചത്. ബാബു വെള്ളം, വെള്ളം എന്ന് പറയുന്നത് കേള്‍ക്കാം. ബാബുവിന്‍റെ ആരോഗ്യനിലയില്‍ നിലവില്‍ ആശങ്കയില്ലെന്നാണ് പാലക്കാട് ജില്ല കലക്ടര്‍ അറിയിക്കുന്നത്. വെളിച്ചം വന്നാല്‍ ഉടന്‍ വെള്ളവും ഭക്ഷണവും എത്തിക്കാനാണ് രക്ഷാദൗത്യം സംഘത്തിന്‍റെ ആദ്യ നടപടി. രണ്ട് യൂണിറ്റുകളാണ് സൈന്യത്തിനായി ദൗത്യത്തില്‍ പങ്കെടുക്കുന്നത്. ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയാണ് സൈന്യത്തിന്‍റെ നടപടികള്‍. പ്രദേശിക സഹായവും സൈന്യത്തിന് ലഭിക്കുന്നുണ്ട്. നാട്ടുകാരും മാധ്യമങ്ങളും അടക്കം കഴിഞ്ഞ രാത്രി മുഴുവന്‍ സൈനിക ദൗത്യത്തിന് പിന്തുണയുമായി ഉറക്കമൊഴിഞ്ഞ് നില്‍ക്കുന്ന കാഴ്ചയാണ് ചെറാട് മലയ്ക്ക് അടുത്ത് കാണാന്‍ സാധിച്ചത്.
യുവാവിന് വെള്ളവും ഭക്ഷണവും എത്തിക്കുന്നതിനാണ് ആദ്യ പരിഗണന. താഴെയിറക്കുന്നത് സാഹചര്യം നോക്കിയായിരിക്കും. എൻഡിആർഎഫ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കരസേനയുടെ രണ്ടാമത്തെ യൂണിറ്റ് വെല്ലിംഗ്ടണിൽ നിന്ന് രാത്രി 12ന് അടുപ്പിച്ചാണ് മലമ്പുഴയില്‍ എത്തിയത്.
കഴിഞ്ഞ ദിവസം വൈകീ 11.50 ഓടെയാണ് ബംഗലൂരുവില്‍ നിന്നുള്ള പ്രത്യേക ആര്‍മി സംഘം മലമ്പുഴയില്‍ എത്തിയത്. ബംഗളൂർ പാരാ റെജിമെന്റ് സെന്ററിൽ നിന്ന് എയർ ഫോഴ്സ് പ്രത്യേക വിമാനം AN- 32 ൽ പ്രത്യേക ആർമി സംഘം എയർഫോഴ്സിന്റെ സുലൂർ ക്യാമ്പസ്സിൽ ഇറങ്ങി റോഡ് മാർഗ്ഗം മലമ്പുഴയിലേക്ക് എത്തിയത്. മദ്രാസ് റെജിമെന്റ് സെന്ററിൽ നിന്ന് 2 ഓഫീസർമാർ, 2 ജൂനിയർ കമ്മീഷണർ ഓഫീസർമാർ, 7 അദർ ഓഫീസർമാർ എന്നിവരടങ്ങുന്ന സംഘം സംഘമാണ് ഇവര്‍. 2 പേർ എവറസ്റ്റ് കയറിയിട്ടുള്ളവരാണ്.

