Asianet News MalayalamAsianet News Malayalam

ഹോം വർക്കിന്‍റെ പേരിൽ കൊല്ലത്ത് ആറാം ക്ലാസുകാരനെ ട്യൂഷൻ ടീച്ചർ ക്രൂരമായി തല്ലി; പരാതി നൽകി മാതാപിതാക്കൾ

വെറും അടിയല്ലെന്നും ക്രൂരമായ മര്‍ദനമാണെന്നും അധ്യാപകനെ വിളിച്ചപ്പോള്‍ അധ്യാപകരാകുമ്പോള്‍ കുട്ടികളെ അടിക്കുമെന്നായിരുന്നു മറുപടിയെന്നും കുട്ടിയുടെ പിതാവ് എസ് രാജീവന്‍ പറഞ്ഞു

 6th class student brutally beaten by tuition teacher in kollam; Parents filed a complaint
Author
First Published Oct 31, 2023, 11:33 AM IST | Last Updated Oct 31, 2023, 1:06 PM IST

കൊല്ലം: കൊല്ലത്ത് ആറാം ക്ലാസ്കാരനെ ട്യൂഷൻ ക്ലാസിലെ അധ്യാപകൻ ക്രൂരമായി മർദിച്ചു. ഹോം വർക്ക് ചെയ്തില്ലെന്നാരോപിച്ചാണ് കുട്ടിയെ മർദ്ദിച്ചത്. അധ്യാപകനായ റിയാസിനെതിരെ കുട്ടിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനിലും പൊലീസിലും പരാതി നൽകി. പട്ടത്താനത്തുള്ള അക്കാദമി ട്യൂഷൻ സെന്ററിൽ വച്ചാണ്‌ ആറാം ക്ലാസ്കാരന് മർദ്ദനമേറ്റത്. ടൂഷൻ സെന്ററിന്റെ നടത്തിപ്പ് കാരനാണ് റിയാസ്. ഇന്നലെ വൈകീട്ടാണ് റിയാസ് വിദ്യാർത്ഥിയെ അടിച്ചത്. കഴിഞ്ഞ ദിവസം ഇയാൾ കുട്ടികളോട് ഹോം വർക്ക് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ഇത് പരിശോധിച്ചു. എന്നാൽ മർദനമേറ്റ വിദ്യാർത്ഥി ഹോം വർക്ക് ചെയ്തെന്ന് കള്ളം പറഞ്ഞെന്നാണ് അധ്യാപകൻ പറയുന്നത്. ഇതിനെ തുടർന്നാണ് ഇയാൾ കുട്ടിയെ വടി കൊണ്ട് അടിച്ചത്. കുട്ടിയുടെ കാലിലും തുടയിലുമടക്കം അടികൊണ്ട നിരവധി പാടുകളുണ്ട്. വീട്ടിലെത്തിയ കുട്ടി വേദന സഹിക്കാൻ കഴിയാതെ വന്നതോടെയാണ് രക്ഷിതാക്കളോട് പറഞ്ഞത്.

ഇന്നലെ ട്യൂഷന് പോയപ്പോള്‍ ഹോം വര്‍ക്ക് ചെയ്തുവെന്ന് കുട്ടി കള്ളം പറഞ്ഞുവെന്ന് ആരോപിച്ച് വടികൊണ്ട് പലതവണയായി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് എസ് രാജീവന്‍ പറഞ്ഞു. ഒരേ സ്ഥലത്ത് തന്നെ പതിനഞ്ചു തവണയോളം വടികൊണ്ട് അടിച്ചിട്ടുണ്ട്. പ്രാഥമിക കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാതെ കുട്ടി ബുദ്ധിമുട്ടിലാണ്. ട്യൂഷന്‍ കഴിഞ്ഞ് മകന്‍ വീട്ടിലെത്തിയപ്പോള്‍ വല്ലാതെ ക്ഷീണിച്ചിരുന്നു. കണ്ണെല്ലാം ചുവന്ന് വല്ലാത്ത അവസ്ഥയിലായിരുന്നു മകന്‍. പക്ഷേ എന്താണ് സംഭവിച്ചതെന്ന് ആദ്യം പറഞ്ഞിരുന്നില്ല. വീട്ടിലെത്തിയശേഷം മകളാണ് അടിയേറ്റ പാടുകള്‍ കണ്ടത്. തുടര്‍ന്ന് താന്‍ കടയില്‍നിന്നെത്തി മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വെറും അടിയല്ലെന്നും ക്രൂരമായ മര്‍ദനമാണെന്നും സംഭവം അറിഞ്ഞ് അധ്യാപകനെ വിളിച്ചപ്പോള്‍ അധ്യാപകരാകുമ്പോള്‍ കുട്ടികളെ അടിക്കുമെന്നായിരുന്നു മറുപടിയെന്നും എസ് രാജീവന്‍ പറഞ്ഞു.

ഇന്നലെ തന്നെ കുട്ടിയെ കൊല്ലത്തെ ആശുപത്രിയിലെത്തിച്ചു. ആശുപത്രി അധികൃതരും ചൈൽഡ് ലൈനെ വിവരം അറിയിച്ചു. കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം ചൈൽഡ് ലൈൻ കൊല്ലം ഈസ്റ്റ് പൊലീസിനോട് കേസെടുക്കാൻ നിർദ്ദേശം നൽകി. കുട്ടിയെ മർദ്ദിച്ച വിവരം പുറത്തിറഞ്ഞതോടെ പട്ടത്താനത്തുള്ള അക്കാദമി ട്യൂഷൻ സെന്റർ അടച്ചിട്ട നിലയിലാണ്. വിവിധ വിദ്യാർഥി സംഘടനകൾ ട്യൂഷൻ സെന്ററിലേക്ക് മാർച്ച് നടത്തി.

കളമശ്ശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി തെളിവെടുപ്പ് തുടങ്ങി, ആദ്യം അത്താണിയിലെ കുടുംബ വീട്ടില്‍


 

Latest Videos
Follow Us:
Download App:
  • android
  • ios