വീടിനുള്ളിലെ അഞ്ച് അലമാരകളും തുറന്ന നിലയിലായിരുന്നു. കട്ടിലിലെ കിടക്കയുടെ അടിയിൽ വച്ചിരുന്ന താക്കോൽ എടുത്താണ് അലമാരകൾ തുറന്നത്.

കോട്ടയം: കോട്ടയം കടുത്തുരുത്തിയിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. മാൻവെട്ടം മേമ്മുറിയിൽ എൻ ജെ ജോയിയുടെ വീട്ടിലാണ് കവർച്ച നടന്നത്. പ്രതിയെ കണ്ടെത്താൻ കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം തുടങ്ങി.കഴിഞ്ഞ ദിവസം ജോയിയും ഭാര്യയും മകളും തെള്ളകത്തെ ആശുപത്രിയിൽ ആയിരുന്ന സമയത്താണ് വീട്ടിൽ മോഷണം നടന്നത്. ഇരുനില വീടിന്‍റെ വാതിലുകൾ കുത്തിതുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. ആശുപത്രിയിൽ നിന്ന് വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. 

വീടിനുള്ളിലെ അഞ്ച് അലമാരകളും തുറന്ന നിലയിലായിരുന്നു. കട്ടിലിലെ കിടക്കയുടെ അടിയിൽ വച്ചിരുന്ന താക്കോൽ എടുത്താണ് അലമാരകൾ തുറന്നത്. 31 പവൻ സ്വർണവും 25000 രൂപയും വീട്ടിൽ നിന്ന് നഷ്ടപ്പെട്ടു. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം ബന്ധുവിന്‍റെ വിവാഹചടങ്ങുകൾക്ക് വേണ്ടിയാണ് വീട്ടിലെത്തിച്ചത്. കടുത്തുരുത്തി പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്‍റെ സമീപത്തെ 14 സ്ഥലങ്ങളിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽ നിന്ന് മോഷ്ടാവ് എന്ന് സംശയിക്കുന്നവരുടെ ചില ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്‍റെ നിർദേശപ്രകാരം കോട്ടയം ഡിവൈഎസ്പി കെ ജി അനീഷിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ സംബന്ധിച്ച് ചില സൂചനകൾ പൊലീസിന് കിട്ടിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം