കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ മരണത്തിൽ അനുശോചനമറിയിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. ഇടതുപക്ഷത്തിന്റെ ശക്തരായ പ്രതിനിധികളിൽ ഒരാളായിരുന്നു ജമീലയെന്നും നഷ്ടമായത് ഒരു ശക്തയായ പൊതു പ്രവർത്തകയാണെന്നും സ്പീക്കർ പറഞ്ഞു.

തിരുവനന്തപുരം: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ മരണത്തിൽ അനുശോചനമറിയിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. ഇടതുപക്ഷത്തിന്റെ ശക്തരായ പ്രതിനിധികളിൽ ഒരാളായിരുന്നു ജമീലയെന്നും നഷ്ടമായത് ഒരു ശക്തയായ പൊതു പ്രവർത്തകയാണെന്നും സ്പീക്കർ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന കാനത്തിൽ ജമീല ഇന്ന് രാത്രി 8.40ഓടെയാണ് മരിച്ചത്. 59 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കേരള നിയമസഭാംഗവും സി.പി.ഐ (എം) കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും പൊതുപ്രവർത്തന രംഗത്തെ അതുല്യ വ്യക്തിത്വവുമായ കാനത്തിൽ ജമീലയുടെ അകാല വിയോഗത്തിൽ അതിയായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. കൊയിലാണ്ടി മണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനഞ്ചാം കേരള നിയമസഭയിലെത്തിയ അവർ, ജനസേവനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഈ വേർപാട് സംസ്ഥാനത്തിന്, വിശേഷിച്ച് കോഴിക്കോട് ജില്ലയ്ക്ക്, നികത്താനാവാത്ത നഷ്ടമാണ്.

മണ്ഡലത്തിലെ വിഷയങ്ങൾ സഭയിൽ ശക്തമായി ഉന്നയിക്കുകയും, സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ചർച്ചയിൽ സജീവമായി ഇടപെട്ട് സംസാരിക്കുകയും ചെയ്തിരുന്ന ജമീല, ഇടതുപക്ഷത്തിന്റെ ശക്തരായ പ്രതിനിധികളിൽ ഒരാളായിരുന്നു. 1995-ൽ പൊതുപ്രവർത്തന രംഗത്ത് സജീവമായ അവർ, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലാണ് തൻ്റെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും (2010-2015, 2019-2021) ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ദീർഘകാലത്തെ അനുഭവസമ്പത്ത് അവർക്കുണ്ടായിരുന്നു. സാമൂഹ്യരംഗത്തും ഭരണരംഗത്തും ലാളിത്യവും കാര്യക്ഷമതയും കൊണ്ട് പ്രിയങ്കരിയായിരുന്ന ഈ ശക്തയായ പൊതുപ്രവർത്തക നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും.

കാനത്തിൽ ജമീലയുടെ വേർപാടിലൂടെ കേരളത്തിന് നഷ്ടമായത് ഒരു മികച്ച പൊതുപ്രവർത്തകയെയാണ്. അവരുടെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു.

ആദരാഞ്ജലികൾ

YouTube video player