തിരുവനന്തപുരം: സര്‍ഫാസി വ്യവസ്ഥകളിലെ കൃഷിഭൂമിയുടെ നിര്‍വചനം പുന:പരിശോധിക്കാന്‍ ഉപസമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജപ്തി നടപടികളില്‍ ബാങ്കുകള്‍ സാങ്കേതികവശങ്ങള്‍ക്ക് മാത്രം ഊന്നല്‍ നല്‍കുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കേരളത്തില്‍ നെല്‍പ്പാടം മാത്രമല്ല കൃഷിഭൂമിയായുള്ളത്. എന്നാല്‍, സര്‍ഫാസി വ്യവസ്ഥകള്‍ പ്രകാരം നെല്‍പ്പാടത്തിന്  മാത്രമാണ് നടപടികളില്‍ ഇളവുള്ളത്. ഇത് കൃത്യമായി പരിശോധിക്കാന്‍ ഒരു ഉപസമിതി രൂപീകരിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ബാങ്കേഴ്സ് സമിതി യോഗത്തില്‍ തീരുമാനമായെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. ബാങ്കേഴ്സ് സമിതി, സംസ്ഥാന സര്‍ക്കാര്‍ റിസര്‍വ്വ് ബാങ്ക് പ്രതിനിധികള്‍ ഉപസമിതിയില്‍ അംഗങ്ങളായിരിക്കും. 

കർഷകരുടെ കട ബാധ്യത രൂക്ഷമായ പ്രതിസന്ധിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബാങ്കേഴ്സ് സമിതി യോഗത്തില്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് മഴ കുറയുന്നത് കാർഷിക രംഗത്തിന് പ്രതിസന്ധിയാണ്. ഇത് വരുമാനത്തെ പ്രതികൂലമായി ബാധിക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കൈത്താങ്ങാകാനും ബാങ്കുകൾക്ക് ബാധ്യതയുണ്ട്. സർക്കാർ നടപടികൾക്ക് ബാങ്കുകളുടെ സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു. 

മൊറട്ടോറിയം പ്രതിസന്ധി പരിഹരിക്കാന്‍ റിസര്‍വ് ബാങ്കിനെ സമീപിക്കാനാണ് ബാങ്കേഴ്സ് സമിതി തീരുമാനിച്ചിരിക്കുന്നത്. മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31  വരെ നീട്ടണമെന്ന് ആവശ്യപ്പടാനാണ് തീരുമാനം. 

Read More: മൊറട്ടോറിയം പ്രതിസന്ധി; റിസര്‍വ് ബാങ്കിനെ സമീപിക്കാന്‍ ബാങ്കേഴ്സ് സമിതിയുടെ തീരുമാനം