മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അഭിജിത്തും കൊല്ലപ്പെട്ട ആദർശും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് അരുംകൊലയിലേക്ക് നയിച്ചത്.

കോട്ടയം: മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അഭിജിത്തും കൊല്ലപ്പെട്ട ആദർശും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് അരുംകൊലയിലേക്ക് നയിച്ചത്. അഭിജിത്തും ആദർശും തമ്മിൽ പല തരത്തിലുള്ള സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. ഏറ്റവുമൊടുവിൽ അഭിജിത്തിന്റെ വിദേശത്തുള്ള സുഹൃത്തിന്റെ ബൈക്ക് ഇവർ ആദർശിന് പണയം വെച്ചിരുന്നു. 12000 രൂപയ്ക്കാണ് പണയം വെച്ചിരുന്നത്. പിന്നീട് പണം അടച്ചെന്നും ബൈക്ക് തിരികെ വാങ്ങണമെന്നും സുഹൃത്ത് അഭിജിത്തിനോട് ആവശ്യപ്പെട്ടു. തുടർന്ന് അഭിജിത്ത് ആദർശിനെ സമീപിച്ചപ്പോൾ ബൈക്ക് കൊടുക്കാൻ തയ്യാറായില്ല. പണം നൽകിയില്ലെന്നാണ് ആദർശ് പറഞ്ഞത്. ഇതിനെച്ചൊല്ലി വാക്കുതർക്കവും സംഘർഷവും ഉണ്ടായിരുന്നു. ഇന്ന് പുലർച്ചെയാണ് അഭിജിത്തിന്റെ വീട്ടിലേക്ക് എത്തുന്നത്.

അഭിജിത്തിന്റെ വീട്ടിൽ തന്നെയുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കൊലപാതകത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന ദൃശ്യങ്ങളാണിത്. തർക്കത്തിനൊടുവിൽ വീട്ടിനകത്ത് നിന്ന് കത്തിയെടുത്തു കൊണ്ടുവന്ന് ആദർശിനെ കുത്തുകയാണ് ചെയ്യുന്നത്. അഭിജിത്തിന്റെ അമ്മയും അച്ഛനും ചേർന്ന് പിടിച്ചു മാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവം കണ്ട പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. കൊലയ്ക്കുപയോ​ഗിച്ച കത്തി സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ആദർശിനൊപ്പം എത്തിയ സുഹൃത്തിന് വേണ്ടിയും പൊലീസ് തെരച്ചിൽ നടത്തുകയാണ്. നിലവിൽ അഭിജിത്തും അച്ഛനും അമ്മയും പൊലീസ് കസ്റ്റഡിയിലാണുള്ളത്.