സാമൂഹിക മാധ്യമത്തിലൂടെ വീഡിയോ ചിത്രീകരിച്ച് അധിക്ഷേപം നടത്തിയെന്നാണ് ഭർത്താവിന്റെ പരാതി. കണ്ണപുരം സ്റ്റേഷനിലാണ് ഭർത്താവ് പരാതി നൽകിയിട്ടുള്ളത്.
കണ്ണൂർ: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യയുടെ ഭർത്താവ് അജിത്തിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്. പിപി ദിവ്യക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ ആൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സാമൂഹിക മാധ്യമത്തിലൂടെ വീഡിയോ ചിത്രീകരിച്ച് അധിക്ഷേപം നടത്തിയെന്നാണ് ഭർത്താവിന്റെ പരാതി. കണ്ണപുരം സ്റ്റേഷനിലാണ് ഭർത്താവ് പരാതി നൽകിയിട്ടുള്ളത്.
അതേസമയം, എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ മുൻകൂർ ജാമ്യഹർജിയിൽ പിപി ദിവ്യയുടെ ആരോപണങ്ങൾ തള്ളി കണ്ണൂർ സ്വദേശി ഗംഗാധരൻ രംഗത്തെത്തി. തൻ്റെ സ്ഥലത്ത് മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസിൽ നിന്ന് നൽകിയ സ്റ്റോപ് മെമ്മോയ്ക്ക് എതിരെയാണ് പരാതി പറഞ്ഞത്. എഡിഎം കൈക്കൂലി വാങ്ങിയതായി താൻ പരാതിയിൽ പറഞ്ഞിട്ടില്ല. എഡിഎം മുതൽ താഴേക്ക് റവന്യൂ വകുപ്പിൻ്റെ ഉദ്യോഗസ്ഥ ശ്രേണിയിലെ എല്ലാ ഉദ്യോഗസ്ഥർക്കും എതിരെയാണ് താൻ വിജിലൻസിന് പരാതി നൽകിയത്. ഉദ്യോഗസ്ഥരെല്ലാം തനിക്കെതിരെ ചതിപ്രയോഗം ചെയ്തിട്ടുണ്ട്. വിജിലൻസിന് നൽകിയ പരാതി എഡിഎം മരിക്കുന്നതിന് മുൻപേ കൊടുത്തതാണ്. എഡിഎം എന്നോട് കൈക്കൂലി വാങ്ങുകയോ ബാലകൃഷ്ണൻ, സുകുമാരൻ എന്നിവരോട് എഡിഎം കൈക്കൂലി സ്വീകരിച്ചതായോ താൻ സംശയിക്കുന്നില്ലെന്നും ഗംഗാധരൻ പറഞ്ഞു. കൈക്കൂലി പ്രതീക്ഷിക്കുന്നുവെന്ന നിലയിൽ പെരുമാറ്റം എഡിഎമ്മിൻ്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും ഗംഗാധരൻ പറഞ്ഞു.
