Asianet News MalayalamAsianet News Malayalam

സ്പ്രിംഗ്ളര്‍ പ്രളയ കാലത്ത് സഹായിച്ച കമ്പനി, നിയമിച്ചത് തദ്ദേശ സ്വയംഭരണ വകുപ്പല്ലെന്നും മന്ത്രി

വിവരങ്ങൾ കൈമാറുക മാത്രമാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ചുമതല. സ്പ്രിങ്ക്ളറിനെ ഒഴിവാക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ഐടി വകുപ്പാണ്

AC moideen on Sprinkler company appointment
Author
Thiruvananthapuram, First Published Apr 13, 2020, 5:06 PM IST

തിരുവനന്തപുരം: സ്പ്രിങ്ക്ളർ കമ്പനി വിവാദത്തിൽ പ്രതികരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീൻ. വിവരങ്ങൾ ശേഖരിക്കുന്നതിന് ഒരു കമ്പനിയെയും വകുപ്പ് നിയമിച്ചിട്ടില്ലെന്നും അത്തരത്തിൽ കമ്പനികളെ തീരുമാനിക്കേണ്ടത് ഐടി വകുപ്പാണെന്നും മന്ത്രി വിശദീകരിച്ചു.

വിവരങ്ങൾ കൈമാറുക മാത്രമാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ചുമതല. സ്പ്രിങ്ക്ളറിനെ ഒഴിവാക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ഐടി വകുപ്പാണ്. പ്രളയ കാലത്തും സംസ്ഥാന സർക്കാരിനെ സഹായിച്ച കമ്പനിയാണ് സ്പ്രിങ്ക്ളർ എന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് നിരീക്ഷത്തിലുള്ളവരുടേയും കൊവിഡ് രോഗികളുടെയും വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്ളർ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന ഉത്തരവ് സംസ്ഥാന സർക്കാർ തിരുത്തി. ഇനി വിവരങ്ങൾ സർക്കാർ വെബ്‌സൈറ്റിലാണ് അപ്ലോഡ് ചെയ്യേണ്ടതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് നിർദ്ദേശം നൽകി. 

അമേരിക്കൻ കമ്പനിക്ക് വിവരങ്ങൾ കൈമാറുന്നതിലെ ദുരൂഹത ചൂണ്ടിക്കാട്ടി നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം രംഗത്തെത്തിയിരുന്നു. കൊവിഡിന്റെ മറവിൽ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്ളറിന് നൽകുന്നത് സംബന്ധിച്ച ഇടപാടിലെ സുപ്രധാന വിവരങ്ങൾ മുഖ്യമന്ത്രി മറച്ചുവെക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

എന്നാൽ ഒരു മലയാളി പ്രവാസി സ്ഥാപിച്ച കമ്പനിയാണെന്നും സ്പ്രിങ്ക്ളർ കമ്പനി സൗജന്യമായാണ് ഡാറ്റാബേസ് തയാറാക്കി നൽകുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി ഈ വിഷയത്തിൽ വാർത്താ സമ്മേളനത്തിനിടെ നൽകിയ വിശദീകരണം. എന്നാൽ എന്തടിസ്ഥാനത്തിലാണ് ഈ കമ്പനി തിരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നില്ല. പുതിയ ഉത്തരവിന് അടിസ്ഥാനത്തിൽ അമേരിക്കൻ കമ്പനിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിച്ചോ എന്നതിലടക്കം ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്.  

Follow Us:
Download App:
  • android
  • ios