ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഹരിപ്പാട്: ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ടല്ലൂർ പുതിയവിള തുളസീഭവനത്തിൽ പ്രഭാത് പി നായർ (ശംഭു- 27) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെ കായംകുളം-കാർത്തികപ്പള്ളി റോഡിൽ മുതുകുളം വെട്ടത്തുമുക്കിന് വടക്കുഭാഗത്തുവെച്ചായിരുന്നു അപകടം. പ്രഭാത് ഓടിച്ചിരുന്ന ബൈക്കിൽ എതിർദിശയിൽ നിന്ന് വന്ന സ്‌കൂട്ടർ ഇടിക്കുകയായിരുന്നു.
തെറിച്ചുവീണ് തലയ്ക്കും വാരിയെല്ലിനും കാലിനും ഗുരുതരമായി പരിക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രഭാത് ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മരിച്ചത്. ആലപ്പുഴ ബീച്ചിൽ പ്രവർത്തിക്കുന്ന സ്‌കൈ സെയിൽ കമ്പനി ജീവനക്കാരനാണ്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാഫിക്കും (22) സ്‌കൂട്ടർ യാത്രക്കാർക്കും പരിക്കേറ്റിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല. പിതാവ്: പ്രഭാകരൻ നായർ. മാതാവ്: വി തുളസി. സഹോദരൻ: പ്രഭുൽ പി നായർ. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്കുശേഷം.


