കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ലോട്ടറി വിൽപ്പനക്കാരിയെ തലയ്ക്കടിച്ച് കൊന്ന പ്രതി അറസ്റ്റിൽ. മരിച്ച പൊന്നമ്മയ്ക്കൊപ്പം ലോട്ടറി വിറ്റിരുന്ന സത്യനെ ഗാന്ധി നഗർ പൊലീസാണ് അറസ്റ്റ് ചെയ്തത്. പണവും സ്വർണ്ണവും കൈക്കലാക്കാനായിരുന്നു പൊന്നമ്മയെ സത്യന്‍ കൊന്നത്. മൂന്ന് ദിവസം മുന്‍പാണ് പൊന്നമ്മയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പൊന്നമ്മയുടെ മകളാണ് മെഡിക്കല്‍ കോളേജിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം ദ്രവിച്ച് പോയതിനാല്‍ ചില ശാസ്ത്രീയ പരിശോധനകള്‍ കൂടി നടത്തിയാണ് മരിച്ചത് പൊന്നമ്മയാണെന്ന് സ്ഥിരീകരിച്ചത്. 

കല്ലോ ഭാരമേറിയ വസ്തുവോ മൂലം തലയ്ക്കടിയേറ്റാണ് പൊന്നമ്മ മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. തലയോട്ടിക്ക് സാരമായി ക്ഷതമേറ്റിരുന്നു. വര്‍ഷങ്ങളായി മെഡിക്കല്‍ കോളേജ് പരിസരത്ത് ലോട്ടറി കച്ചവടം നടത്തി വരികയായിരുന്നു പൊന്നമ്മ.ആഴ്ചയിലൊരിക്കല്‍ മാത്രമാണ് തൃക്കൊടിത്താനത്തെ മകളുടെ വീട്ടിലേക്ക് ഇവര്‍ പോയിരുന്നത്.നാല്‍പ്പതിനായിരം രൂപയും പത്ത് പവനും പൊന്നമ്മയുടെ പക്കലുണ്ടായിരുന്നെന്ന് മകള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.