എടിഎം തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍

മലപ്പുറം: വഴിക്കടവില്‍ എടിഎം തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. തിരുവാലി സ്വദേശി സുന്ദരനാണ് പിടിയിലായത്. തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ വെച്ചാണ് സുന്ദരനെ നിലന്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാള്‍ വഴിക്കടവിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും മോഷണ ശ്രമം നടത്തിയതായി പോലീസ് പറഞ്ഞു.

ആക്സോ ബ്ലേഡ് ഉപയോഗിച്ച് സ്ഥാപനത്തിന്‍റെ പൂട്ട് പൊളിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് ഇയാള്‍ സമീപത്തെ എടിഎം തകര്‍ക്കാന്‍ ശ്രമിച്ചത്. പണം എടുക്കാന്‍ സാധിക്കാതെ വന്നതോടെ പ്രതി ശ്രമം ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് നിലന്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്കിന്‍റെ വഴിക്കടവിലെ എടിഎം കൗണ്ടറില്‍ മോഷണ ശ്രമമുണ്ടായത്.

ഇങ്ങനെയുമുണ്ടോ കള്ളന്മാർ? പാലത്തിനും ടവറിനും പിന്നാലെ ഇപ്പോൾ തടാകവും, ഇതാ ചില വിചിത്രമോഷണങ്ങൾ

അതേസമയം, കഴിഞ്ഞ മാസമാണ് എടിഎം കുത്തിപ്പൊളിച്ച് പണം മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ കൊച്ചിയിൽ പിടിയിലായത്. എറണാകുളം കുട്ടമ്പുഴ വടാട്ടുപാറ സെമിത്തേരിപ്പടി ഭാഗത്ത് പാത്തിക്കൽ വീട്ടിൽ സുഭാഷ് (48) നെയാണ് കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു മോഷണ ശ്രമം.

മാർത്തോമ സിറ്റി ഭാഗത്ത് പ്രവർത്തിക്കുന്ന ഇടമലയാർ സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള എ ടി എമ്മിൽ എത്തിയ സുഭാഷ് കമ്പിപ്പാര ഉപയോഗിച്ച് എ ടി എം മെഷീൻ കുത്തിപ്പൊളിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. എന്നാൽ ശ്രമം പാളിയത്തോടെ ഇയാൾ കടന്നു. 

ബാങ്ക് അധികൃതർ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച കുട്ടമ്പുഴ പൊലീസ് പ്രതിയെ വടാട്ടുപാറ സെമിത്തേരിപ്പടി ഭാഗത്ത് നിന്ന് അന്ന് രാവിലെ തന്നെ പിടികൂടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം