കോഴിക്കോട് ഉള്ളിയേരിയില്‍ മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍. മൊടക്കല്ലൂരിലെ ബ്ലൂ മെറീഡിയന്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ബാലുശ്ശേരി എക്‌സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. ജില്ലയിലെ രാസലഹരി വില്‍പന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കോഴിക്കോട്: ഉള്ളിയേരി മൊടക്കല്ലൂരില്‍ മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍. കോഴിക്കോട് പേരാമ്പ്ര മരുതേരി സ്വദേശി കാരപ്പൊയില്‍ ഫിറോസ്(29), പയ്യന്നൂര്‍ പെരിങ്ങോം സ്വദേശിനി ഹരിവിലാസം വീട്ടില്‍ ശീതല്‍ ശിവദാസ് (21) എന്നിവരെയാണ് ബാലുശ്ശേരി എക്‌സൈസ് സംഘം പിടികൂടിയത്. മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക്് സമീപത്തെ ബ്ലൂ മെറീഡിയന്‍ അപ്പാര്‍ട്ട്‌മെന്റിലെ രണ്ടാം നിലയിലെ മുറിയില്‍ നിന്നുമാണ് ഇരുവരെയും പിടികൂടിയത്.

ഇവരില്‍ നിന്നും 11.83 ഗ്രാം എംഡിഎംഎയും 5.44 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രാസലഹരി വില്‍പനക്ക് നേതൃത്വം നല്‍കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബാലുശ്ശേരി റേഞ്ച് എക്സൈസ് ഇന്‍സ്‌പെക്ടര്‍ ധ്രുപദ്. എസിന്റെ നേതൃത്വത്തില്‍ അസി. എക്സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍. എം, പ്രകാശന്‍ എ. കെ, പ്രിവന്റീവ് ഓഫീസര്‍ ഷാജി ഇ.എം, സിഇഒമാരായ റബിന്‍ ഇ.ജി, ലിനീഷ് കെ, സതി എന്നിവര്‍ ചേര്‍ന്നാണ് ഇരുവരെയും പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് സബ് ജയിലിലേക്ക് മാറ്റി.