ദേവസ്വം ഓഫീസർ വിളിച്ചുവരുത്തിയതിനെ തുടർന്നാണ് സജീവ് എത്തി ദൃശ്യം പകർത്തിയെത്തിയതെന്നും പരാതിയിലുണ്ട്.

കണ്ണൂർ: കൊട്ടിയൂരിൽ ഫോട്ടോഗ്രാഫറെ മർദ്ദിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കൊട്ടിയൂർ ദേവസ്വം. നടൻ ജയസൂര്യയുടെ കൂടെയുള്ളവർ അകാരണമായി മർദിച്ചുവെന്ന് പരാതിയിൽ പറയുന്നു. ദേവസ്വം ഓഫീസർ വിളിച്ചുവരുത്തിയതിനെ തുടർന്നാണ് സജീവ് എത്തി ദൃശ്യം പകർത്തിയെത്തിയതെന്നും പരാതിയിലുണ്ട്. കൊട്ടിയൂർ ക്ഷേത്രദർശനത്തിന് ജയസൂര്യ എത്തിയപ്പോഴാണ് സംഭവം.

ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. നടൻ്റെ ചിത്രം പകർത്താൻ ശ്രമിച്ചപ്പോഴായിരുന്നു ഫോട്ടോ​ഗ്രാഫർക്ക് മർദനമേറ്റത്. ഫോട്ടോഗ്രാഫർ സജീവൻ നായരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ജയസൂര്യയുടെ കൂടെ വന്നയാളുകൾ കയ്യേറ്റം ചെയ്‍തു എന്നാണ് പരാതി. അക്കര കൊട്ടിയൂരിലാണ് കയ്യേറ്റം ഉണ്ടായത്. ദേവസ്വം ബോര്‍ഡ് തന്നെ വൈശാഖ മഹോത്സവം കഴിയും വരെ ഫോട്ടോ എടുക്കാൻ താല്‍ക്കാലികമായി ഏര്‍പ്പാടാക്കിയ ആളാണ് സജീവൻ നായര്‍. ഇദ്ദേഹം പ്രാദേശിക മാധ്യമപ്രവര്‍ത്തകൻ കൂടിയാണ്. ജയസൂര്യ ക്ഷേത്ര ദര്‍ശനം നടത്താൻ എത്തിയപ്പോള്‍ ഫോട്ടോ എടുക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടപ്രകാരമാണ് ഇദ്ദേഹം ഫോട്ടോ എടുത്തത്. ഇതിനിടിയിലാണ് ഇങ്ങനെ കയ്യേറ്റം നടന്നത്.

ജയസൂര്യയുടെ കൂടെ എത്തിയവര്‍ ഫോട്ടോ എടുക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് വിലക്കുകയും ക്യാമറയ്‍ക്ക് നേരെ കയ്യുയര്‍ത്തുകയും ചെയ്യുകയായിരുന്നു. സജീവനെ മര്‍ദ്ദിക്കുകയും ചെയ്‍തുവെന്നാണ് മനസ്സിലാകുന്നത്. കൊട്ടിയൂരിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്‍തിട്ടുണ്ട്.

YouTube video player