അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം വേണമെന്ന് ക്രൈംബ്രാഞ്ച്, തെളിവുകൾ ശേഖരിക്കാൻ കൂടുതൽ സമയം ആവശ്യം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ (Actress Attack Case) അന്വേഷണം പൂർത്തിയാക്കാൻ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്. അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം വേണമെന്നാണ് അവശ്യപ്പെട്ടത്. തെളിവുകൾ ശേഖരിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. നേരത്തെ അന്വേഷണം അവസാനിപ്പിച്ച് അന്തിമ കുറ്റപത്രം നൽകാൻ അന്വേഷണ സംഘം ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത രംഗത്തെത്തി. കേസന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനായി ഭരണതലത്തിൽ നിന്ന് രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നുവെന്നതടക്കം സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയാണ് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ ഹർജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിൾ ബെഞ്ചാണ് അതിജീവിതയുടെ ഹർജി പരിഗണിക്കുന്നത്. ഹർജിയിൽ കഴിഞ്ഞ ദിവസം സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. ഹർജിയിലെ ആക്ഷേപങ്ങൾ തെറ്റാണെന്നാണ് സർക്കാർ വാദിച്ചത്. കൂടാതെ കേസിനെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും അന്വേഷണം സംബന്ധിച്ചുള്ള നടിയുടെ ഭീതിഅനാവശ്യമാണെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചിരുന്നു.
കേസ് അട്ടിമറിയാരോപിച്ച് അതിജീവിതയുടെ ഹര്‍ജി, ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി
മുഖ്യമന്ത്രിയെ കണ്ട് അതിജീവിത
കേസിൽ സർക്കാരിന്റെ പിന്തുണ തേടി അതിജീവിത ഇന്നലെ മുഖ്യമന്ത്രിയെ നേരിൽ കണ്ടിരുന്നു. തുടരന്വേഷണം അവസാനിപ്പിക്കരുതെന്നും കേസ് അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി വേണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ നടി ആവശ്യപ്പെട്ടു. എത്ര ഉന്നതനായാലും നടപടി ഉണ്ടാകുമെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകി. നടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡിജിപിയെയും ക്രൈംബ്രാഞ്ച് എഡിജിപിയെയും മുഖ്യമന്ത്രി വിളിച്ചുവരുത്തി. ഇതിനുപിന്നാലെയാണ് ഇന്ന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിലെത്തിയത്.
അതിജീവിതയ്ക്ക് ഒപ്പമെന്ന് മുഖ്യമന്ത്രി
സർക്കാർ തുടക്കം മുതൽ അതിജീവിതയ്ക്കൊപ്പം തന്നെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അന്വേഷണത്തിൽ സർക്കാർ ഇടപെടൽ ഉണ്ടായിട്ടില്ല. കൈബ്രാഞ്ച് മേധാവിയുടെ മാറ്റം സ്വാഭാവിക നടപടി മാത്രമാണെന്നും അതിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കോടതിയെ സമീപിക്കാന്‍ ഇടയായത് സര്‍ക്കാര്‍ നടപടിയില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളുടെ പേരിലല്ലെന്ന് അതിജീവിത പറഞ്ഞുവെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
അതിജീവിതയുടെ ഹർജിയിലെ കാര്യങ്ങൾ അന്വേഷിക്കണം; ഇടത് നേതാക്കൾ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും സതീശൻ
