Asianet News MalayalamAsianet News Malayalam

കൊവിഡിന് ഒപ്പം കേരളത്തില്‍ രാഷ്ട്രീയക്കാറ്റ് എങ്ങോട്ട്? ജനമനസ്സ് അറിയാം, സര്‍വെ ഫലം ഇങ്ങനെ

ഒന്നിന് പിന്നാലെ ഒന്നായി വരുന്ന തെരഞ്ഞെടുപ്പുകൾ. കൊവിഡ് കാലത്തിന് ശേഷം കേരള രാഷ്ട്രീയത്തിന്‍റെ മനസ്സെന്താകും. ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെ ഫലം 

after covid 19 kerala politics  asianet news c fore survey results
Author
Trivandrum, First Published Jul 3, 2020, 10:08 PM IST

തിരുവനന്തപുരം: കൊവിഡിന് മുൻപും കൊവിഡിന് ശേഷവും എന്ന മട്ടിൽ മാറുന്ന കാലത്ത് കേരളത്തിലെ രാഷ്ട്രീയ കാലവസ്ഥയിലുണ്ടാകുന്ന മാറ്റം എന്തൊക്കെയെന്നാണ് ഏഷ്യാനെറ്റ്  ന്യൂസ് സി ഫോര്‍ സര്‍വെ അന്വേഷിച്ചത്. കൊവിഡ് പ്രതിരോധരംഗത്തെ എൽഡിഎഫ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളിൽ  ഭൂരിഭാഗം കേരളീയര്‍ക്കും  മതിപ്പെന്നാൻ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ സര്‍വെ പറയുന്നത്. മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍റെ പ്രവര്‍ത്തനങ്ങളോടും ജനം മതിപ്പ് രേഖപ്പെടുത്തി.

 തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് അടക്കം തെരഞ്ഞെടുപ്പ് കാലം അടുത്തെത്തി നിൽക്കെ കേരളത്തിന്‍റെ രാഷ്ട്രീയ മനസ്സും കാഴ്ചപ്പാടും എന്താണ്? കൊവിഡ് മഹാമാരിക്കൊപ്പം നീങ്ങുന്ന കേരളം എങ്ങനെ  ചിന്തിക്കുന്നു? ഒരു പിടി ചോദ്യങ്ങളുമായി അമ്പത് നിയമസഭാ മണ്ഡലങ്ങളിൽ നിന്നെടുത്ത പതിനായിരത്തോളം സാമ്പിളുകൾ വിലയിരുത്തി തയ്യാറാക്കിയ സര്‍വെ രണ്ട് ദിവസങ്ങളിലായാണ് പുറത്ത് വിടുന്നത്. 

കെഎം മാണിയില്ലാത്ത കേരളാ കോൺഗ്രസും യുഡിഎഫിൽ നിന്ന് പുറത്ത് പോയ ജോസ് കെ മാണി വിഭാഗവും ഉണ്ടാക്കിയ രാഷ്ട്രീയ കോലാഹലങ്ങൾ എന്ത് പ്രതിഫലനം ഉണ്ടാക്കി എന്നതിൽ തുടങ്ങിയ ചര്‍ച്ചയിൽ കെ എം മാണിയുടെ മരണവും പാർട്ടിയിലെ പിളർപ്പും യുഡിഎഫിനെ ക്ഷീണിപ്പിച്ചോ എന്ന ചോദ്യത്തിന് സര്‍വെ നൽകുന്ന ഉത്തരം

വായിക്കാംമാണി എന്ന വൻമരം വീണു, പാര്‍ട്ടി പിളര്‍ന്നു; യുഡിഎഫ് തളര്‍ന്നോ ? സര്‍വെ ഫലം...   

യുഡിഎഫിന്‍റെ കേരളാ കോൺഗ്രസ് തുടര്‍ന്നെടുക്കുന്ന രാഷ്ട്രീയ നിലപാടും മുസ്ലീം ലീഗിന്‍റെ നീക്കങ്ങളും സര്‍വെ സമഗ്രമായി വിലയിരുത്തി

തുടര്‍ന്ന് വായിക്കാം: മുസ്ലീം ലീഗും കേരള കോൺഗ്രസും യുഡിഎഫിൽ തുടരുമോ? ഏഷ്യാനെറ്റ് ന്യൂസ് സര്‍വെ ഫലം ഇങ്ങനെ...

കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരോഗ്യ മേഖലയുടേയും സര്‍ക്കാരിന്‍റെയും പ്രവര്‍ത്തനങ്ങളും അന്തര്‍ ദേശീയ തലത്തിൽ ചര്‍ച്ചയായിരിക്കെ സര്‍ക്കാരിന്‍റെയും വിവിധ മുന്നണികളുടെയും പ്രവര്‍ത്തനവും സര്‍വെ വിലയിരുത്തി.
തുടര്‍ന്ന് വായിക്കാം:  കൊവിഡ് കാലം മോശമാക്കാതെ സര്‍ക്കാര്‍; യുഡിഎഫിനും ബിജെപിക്കും മാര്‍ക്കെത്ര... 

കൊവിഡ് കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പഴുതുകൾ തിരഞ്ഞ് പിടിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ ആയുധമാക്കുന്ന യുഡിഎഫും കേന്ദ്ര നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ബിജെപിയും കളം നിറയുമ്പോൾ കൊവിഡ് കാലത്ത് കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ആരെ തുണക്കുമെന്ന ചോദ്യത്തിനും സര്‍ക്കാരിനേയും മുന്നണികളേയും വിശദമായി വിലയിരുത്തുന്നതാണ് സര്‍വെ ഫലം 

കൊവിഡ് കാലത്ത് കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങൾക്ക് ഇടത് മുന്നണിക്ക് അനുകൂലമാണെന്ന് വിശ്വസിക്കുന്നവരാണ് 67 ശതമാനം ആളുകൾ . അനുകൂലമല്ല എന്ന് കരുതുന്നത് 33 ശതമാനം പേരാണ്. യുഡിഎഫിന്‍റെ കാര്യത്തിലേക്ക് വന്നാൽ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം യുഡിഎഫിന് അനുകൂലം ആണെന്ന് കരുതുന്നത് 62 ശതമാനം പേരാണ്. 38 പേര്‍ അനുകൂലമല്ലെന്ന് വിശ്വസിക്കുന്നവരാണ്. 

ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നേട്ടങ്ങൾ പക്ഷെ സംസ്ഥാന ബിജെപിക്കോ എൻഡിഎക്കോ അനുകൂലമാണെന്ന് വിശ്വസിക്കുന്നവരുടെ ഇരട്ടിയിലധികം പേര്‍ അങ്ങനെ അല്ലെന്ന് വിശ്വസിക്കുന്നു എന്നാണ് സര്‍വെ പറയുന്നത്. കേന്ദ്രത്തിന്റെ പ്രവർത്തനം സംസ്ഥാനത്ത് എൻഡിഎക്ക് അനുകൂലമാണെന്ന് 33 ശതമാനം പേര്‍ വിശ്വസിക്കുമ്പോൾ അങ്ങനെ അല്ലെന്ന് പറയുന്ന 67 ശതമാനം പേര്‍ ഉണ്ടെന്നാണ് സര്‍വെ ഫലം .

കൊവിഡ് പ്രതിരോധ രംഗത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗം കേരളീയര്‍ക്കും  മതിപ്പെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ സര്‍വേ ഫലം പറയുന്നു. മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍റെ പ്രവര്‍ത്തനങ്ങളോടും ജനങ്ങള്‍ക്ക്  നല്ല മതിപ്പാണ്. 
 
സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ചതെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് 15 ശതമാനം പേരാണ്. മികച്ചതെന്ന് 43 ശതമാനം പേരും തൃപ്തികരമെന്ന് 26 ശതമാനം പേരും അഭിപ്രായപ്പെട്ടു.  സര്‍ക്കാരിനെപ്പോലെ തന്നെ യുഡിഎഫിന്‍റെയും എന്‍ഡിഎയുടെയും പ്രവര്‍ത്തനത്തോടും ഭൂരിഭാഗം പേര്‍ക്കും  തൃപ്തിയാണ്. 
 
ആകെയുളള പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന് ജനങ്ങള്‍ നല്‍കുന്നത് നല്ല മാര്‍ക്കാണ്. വളരെ മികച്ചത് 9 ശതമാനം പേരും,  മികച്ചത് എന്ന് 45 ശതമാനം പേരും തൃപ്തികരം 27 ശതമാനം പേരും അഭിപ്രായപ്പെട്ടു. പിണറായി വിജയന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ മോശമെന്ന് സര്‍വേയില്‍ പങ്കെടുത്ത 19 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 
 
കൊവിഡ് കാലത്ത് മുഖ്യമന്ത്രി കൂടുതല്‍ ശോഭിച്ചുവെന്നാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം. കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം വളരെ മികച്ചതെന്ന് അഭിപ്രായപ്പെട്ടത് 16 ശതമാനം പേരാണ്. മികച്ചതെന്ന് 51 ശതമാനം പേരും, 
തൃപ്തികരമെന്ന് 17 ശതമാനം പേരും അഭിപ്രായപ്പെട്ടപ്പോള്‍‌ കൊവിഡ് കാലത്ത് മുഖ്യമന്ത്രി മോശമെന്ന് പറഞ്ഞത് 16 ശതമാനം പേരാണ്. 

ആരോഗ്യമന്ത്രി കെകെ ശൈലജയുടെ പ്രവര്‍ത്തനത്തിലും ഭൂരിപക്ഷവും തൃപ്തരാണ്. കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ഏറ്റവും ജനപ്രിയ നേതാവ് ഇപ്പോഴും ഉമ്മന്‍ ചാണ്ടി തന്നെയെന്ന് സര്‍വേ വ്യക്തമാക്കുന്നു. കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി 47 ശതമാനം പേരും ഉമ്മന്‍ ചാണ്ടിയെ കാണുമ്പോള്‍ രമേശ് ചെന്നിത്തലയെ അതേ സ്ഥാനത്ത് കാണുന്നവര്‍ 13 ശതമാനം പേരെയുളളു. 12 ശതമാനം പേരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മുല്ലപ്പളളി രാമചന്ദ്രന്‍ തൊട്ടുപിന്നിലുണ്ട്. 

വി എസ് അച്യുതാനന്ദന്‍ സജീവമല്ലാത്തത് ഇടതുമുന്നണിയെ ബാധിക്കില്ലെന്ന് 30 ശതമാനം പേരും, പ്രതികൂലമായി ബാധിക്കുമെന്ന് 33 ശതമാനം പേരും, ഗുണം ചെയ്യുമെന്ന് ആറ് ശതമാനം പേരും അഭിപ്രായപ്പെട്ടു.  കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ്  യുഡിഎഫിനെ ക്ഷീണിപ്പിച്ചുവെന്നും കേരള കോണ്‍ഗ്രസും ലീഗും യുഡിഎഫിൽ തന്നെ തുടരുമെന്നും കരുതുന്നവരാണ് 49 ശതമാനം പേരും. 

50 നിയമസഭാ മണ്ഡലങ്ങളിലെ 10,409 വോട്ടർമാരുടെ അഭിപ്രായങ്ങളാണ് സർവേയ്ക്കായി തേടിയത്. പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ കൊവിഡ് കാലം സംസ്ഥാന രാഷ്ട്രീയത്തിലും നേതാക്കളിലും എന്ത് മാറ്റം കൊണ്ടുവന്നു എന്ന അന്വേഷണം കൂടിയായിരുന്നു സര്‍വേ. ജൂൺ 18 മുതൽ 29 വരെയായിരുന്നു സർവേ.

Follow Us:
Download App:
  • android
  • ios