വിജയം കോണ്‍ഗ്രസ് ശക്തമാണ് എന്നതിന്‍റെ തെളിവാണ് ഈ വിജയം. വരും തെരഞ്ഞെടുപ്പുകളിലും ഇത് ആവർത്തിക്കുമെന്നും താരിഖ് അന്‍വര്‍.
ദില്ലി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ (Thrikkakara By Election) കോണ്‍ഗ്രസ് വിജയത്തിൽ സന്തോഷമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ (Tariq Anwar). കേരളത്തിലെ ജനങ്ങൾക്ക് അഭിവാദ്യമെന്നും പ്രവർത്തകർക്ക് നന്ദി പറയുന്നുവെന്നും താരിഖ് അന്‍വര്‍ പ്രതികരിച്ചു. വിജയം കോണ്‍ഗ്രസ് ശക്തമാണ് എന്നതിന്‍റെ തെളിവാണ് ഈ വിജയം. വരും തെരഞ്ഞെടുപ്പുകളിലും ഇത് ആവർത്തിക്കും. കേരളത്തിൽ ഇടത് സർക്കാരിനെതിരെയുള്ള ജനവിധിയാണ് ഇതെന്നും താരിഖ് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
ഉപതെരഞ്ഞെടുപ്പ് ഫലം എപ്പോഴും സർക്കാരിന്‍റെ പ്രവർത്തനത്തിന്‍റെ വിലയിരുത്തലാണ്. ഇടത് സർക്കാരിന്‍റെ ജനദ്രോഹ നടപടികൾക്കെതിരായ മറുപടിയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഫലമെന്നും താരിഖ് അന്‍വര്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നതിന്‍റെ ഫലമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ടത്. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം വരുത്തിയ മാറ്റങ്ങൾ കോണ്‍ഗ്രസ് പാർട്ടിക്ക് ഗുണം ചെയ്തുവെന്നും താരിഖ് ദില്ലിയിൽ പറഞ്ഞു. കെ വി തോമസ് അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: ഉമയ്ക്ക് ചരിത്ര വിജയം, ഇടതിന് തിരിച്ചടി; യുഡിഎഫിന് വൻ നേട്ടം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ അന്തിമ കണക്ക് വരുമ്പോൾ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് ആകെ നേടിയത് 72767 വോട്ടുകളാണ്. 2021 ൽ പി.ടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു. യുഡിഎഫിന് 2021 നേക്കാൾ 12,928 വോട്ടുകൾ ഇപ്പോൾ കൂടി. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണ ഇടതുസ്ഥാനാർത്ഥി നേടിയത് 45510 വോട്ടാണ്. ഇടതു വോട്ടുകളിൽ 2242 വോട്ടിൻറെ വർധനയുണ്ടായി. ബിജെപി സ്ഥാനാർഥി എ.എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു. ആകെ കണക്കിൽ ഒരു വര്‍ഷത്തിനിടെ തൃക്കാക്കരയിൽ ബിജെപിക്ക് 2528 വോട്ട് കുറഞ്ഞു.
തോൽവി അംഗീകരിക്കുന്നുവെന്ന് പി.രാജീവ്
തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച് മന്ത്രി പി.രാജീവ്. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിരുദ്ധ വോട്ടുകളുടെ ഏകോപനം ഉണ്ടായി. ബിജെപി വോട്ടുകൾ മൂന്ന് ശതമാനം കുറഞ്ഞു. എറണാകുളത്ത് മുന്നേറ്റമുണ്ടാക്കാനാകാത്തത് പരിശോധിക്കുമെന്നും രാജീവ് പറഞ്ഞു.
Also Read: തോൽവി അംഗീകരിക്കുന്നുവെന്ന് പി.രാജീവ്, വോട്ട് കൂടിയെന്ന് സ്വരാജ്
സര്‍ക്കാരിന്‍റെ വര്‍ഗീയ പ്രീണനത്തിനേറ്റ തിരിച്ചടിയെന്ന് കെ സുരേന്ദ്രന്‍
തൃക്കാക്കരയിലുണ്ടായത് ശക്തമായ സഹതാപ തരംഗമെന്ന് കെ സുരേന്ദ്രന്‍. വളരെ ശക്തമായ സഹതാപതരംഗം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് അനുകൂലമായി ഉണ്ടായിരുന്നു. പി ടി തോമസിനെ ഇപ്പോഴും തൃക്കാക്കരയിലെ ജനങ്ങള്‍ സ്നേഹിക്കുന്നു എന്നതിന് തെളിവാണ് ആ സഹതാപ തരംഗത്തിന്‍റെ കാരണം. സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കരയിലെ ഫലമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഏകാധിപത്യപരമായി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളോട് ശക്തമായ വിയോജിപ്പ് ജനങ്ങള്‍ രേഖപ്പെടുത്തുകയുണ്ടായി. സര്‍ക്കാരിന്‍റെ വര്‍ഗീയ പ്രീണന നയത്തിനും ഏകാധിപത്യ പ്രവണതയ്ക്കും എതിരെയുള്ള ജനങ്ങളുടെ താക്കീതാണ് തൃക്കാക്കരയില്‍ പ്രതിഫലിച്ചതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
Also Read: 'ശക്തമായ സഹതാപ തരംഗം'; സര്‍ക്കാരിന്‍റെ വര്‍ഗീയ പ്രീണനത്തിനേറ്റ തിരിച്ചടിയെന്ന് കെ സുരേന്ദ്രന്‍
