എറണാകുളം ലിസി ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കിയ അജിൻ ഏലിയാസും ആവണി കൃഷ്ണയും ആശുപത്രി വിട്ടു.
കൊച്ചി: എറണാകുളം ലിസി ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കിയ അജിൻ ഏലിയാസും ആവണി കൃഷ്ണയും ആശുപത്രി വിട്ടു. 17 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് ഇരുവരും ഡിസ്ചാർജായത്. ഹൃദയം ദാനം ചെയ്ത കുടുംബാംഗങ്ങൾക്കും ചിത്സിച്ച ഡോക്ടർമാർക്കും എല്ലാവർക്കും നന്ദിയെന്ന് അജിനും ആവണിയും പ്രതികരിച്ചു. രണ്ടാഴ്ച മുമ്പാണ് വിങ്ങുന്ന ഹൃദയവും നിറഞ്ഞ കണ്ണുകളുമായണ് എറണാകുളം ലിസി ആശുപത്രിയില്‍ ഇരുവരും എത്തിയത്. അങ്കമാലി സ്വദേശി 28 കാരൻ അജിനും കൊല്ലം സ്വദേശി 13 കാരി ആവണിയും. ഇന്ന് ആശുപത്രി വിടുമ്പോൾ ഇരുവർക്കും പുതിയ ഹൃദയത്തുടിപ്പുകളും പുതിയ ലോകവും പുതിയ സ്വപ്നങ്ങളുമാണ്.
മസ്തിഷ്ക മരണം സംഭവിച്ച കൊട്ടാരക്കര സ്വദേശി ഐസക്ക് ജോർജിന്‍റെ ഹൃദയമാണ് അജിനിൽ മിടിക്കുന്നത്. അങ്കമാലി സ്വദേശി 18 കാരൻ ബിൽജിത്തിന്‍റെ ഹൃദയമാണ് ആവണിയിൽ സ്പന്ദിക്കുന്നത്. ആരോഗ്യം വീണ്ടെടുത്ത് ആശുപ്തരി വിടുമ്പോൾ അജിനും ആവണിയും ഹൃദയത്തിന്‍റെ ഭാഷയിലാണ് നന്ദി പറയുന്നത്. കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടാണ് അജിനും ആവണിയും കുടുംബാംഗങ്ങൾക്കൊപ്പം ആശുപത്രി വിട്ടത്. ലിസി ആശുപത്രിയില്‍ ഇതുവരെ നടന്നത് 30 ഹൃദയമാറ്റ ശസ്ത്രക്രിയകളാണ്.



