വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസിനെ കണ്ട് ഓടാൻ ശ്രമം; ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തിയപ്പോൾ കൈയിൽ എംഡിഎംഎ
തമിഴ്നാട്ടിലെ ഹൊസൂരിൽ ജോലി ചെയ്യുന്ന ആലപ്പുഴ നൂറനാട് സ്വദേശി അമ്പാടിയാണ് കോഴിക്കോട് നഗരത്തിൽ വെച്ച് വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തിന്റെ കൈയിൽ പെട്ടത്.
കോഴിക്കോട്: ബംഗളൂരുവിൽ നിന്നും വിൽപ്പനക്കായി എംഡിഎംഎയുമായി കോഴിക്കോട്ടെത്തിയ യുവാവ് പൊലീസ് പിടിയിൽ. 38 ഗ്രാം മയക്കുമരുന്നുമായി ആലപ്പുഴ നൂറനാട് സ്വദേശി അമ്പാടിയാണ് പിടിയിലായത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പൊലീസ് ബലം പ്രയോഗിച്ച് കീഴപ്പെടുത്തി പരിശോധിക്കുകയായിരുന്നു.
കോഴിക്കോട് നഗരത്തിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് അമ്പാടി പിടിയിലായത്. പൊലീസിനെ കണ്ട് ഓടാൻ ശ്രമിച്ച യുവാവിനെ ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തുകയായിരുന്നു. ബാഗ് പിടിച്ചെടുത്ത് പൊലീസ് പരിശോധിച്ചെങ്കിലും അതിലൊന്നും ഉണ്ടായിരുന്നില്ല. കൈയിൽ ചുരുട്ടിപ്പിടിച്ച ഒരു കവറുണ്ടാരുന്നു. ഈ ചെറിയ കവറിൽ സൂക്ഷിച്ച നിലയിലായുരുന്നു എംഡിഎംഎ. ആലപ്പുഴ നൂറനാട് എള്ളും വിളയിൽ വീട്ടിൽ അമ്പാടിയാണ് പിടിയിലായത്. വിപണിയിൽ രണ്ട് ലക്ഷത്തോളം വലവരുന്ന മയക്കുമരുന്നാണ് കണ്ടെത്തിയത്.
ആളൊഴിഞ്ഞ ഒരു സ്ഥലത്ത് എംഡിഎംഎ എത്തിച്ച ശേഷം സ്ഥലത്തിന്റെ ലൊക്കേഷൻ അയച്ചു കൊടുത്താൽ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തുമെന്നാണ് അമ്പാടി മൊഴി നൽകിയിരിക്കുന്നതെന്ന് കോഴിക്കോട് കസബ എസ്.ഐ ആർ ജഗ്‍മോഹൻ ദത്ത് പറഞ്ഞു. വിവരങ്ങൾ അറിയിക്കുന്ന നമ്പർ വിദേശത്തു നിന്നുള്ളതാണെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ഇത് വിപിഎൻ ഉപയോഗിച്ചോ മറ്റോ ചെയ്യുന്നതായിരിക്കും എന്നാണ് പൊലീസിന്റെ നിഗമനം.
തമിഴ്നാട് ഹൊസൂരിലാണ് പ്രതി ജോലി ചെയ്യുന്നത്. ഇതിനിടെ ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിന്റെ കാരിയറായും പ്രവർത്തിക്കും. ഒരു തവണ മയക്കുമരുന്ന് എത്തിച്ചാൽ 6000 മുതൽ പതിനായിരം രൂപ വരെയാണ് കമ്മീഷൻ ലഭിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം