ആലപ്പുഴ 'രക്ഷാപ്രവർത്തന'ക്കേസിൽ തിരിച്ചറിയൽ പരേഡ് പൂർത്തിയായി. പ്രതികളായ അഞ്ചു പൊലീസുകാരെയും തിരിച്ചറിഞ്ഞതായി മർദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കളായ എ ഡി തോമസ് എംഎൽഎയും അജയ് ജുവൽ കുര്യാക്കോസും.
ആലപ്പുഴ: ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ തിരിച്ചറിയൽ പരേഡ് പൂർത്തിയായി. അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് മർദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കളായ എ ഡി തോമസ് എംഎൽഎയും അജയ് ജുവൽ കുര്യാക്കോസും അറിയിച്ചു. ആക്രമിക്കാൻ ഉപയോഗിച്ച ലാത്തി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ലാത്തി സറണ്ടർ ചെയ്തുവെന്ന പ്രതിഭാഗത്തിന്റെ വാദം കള്ളമാണെന്നും സറണ്ടർ ചെയ്തു എന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും എ ഡി തോമസ് പറഞ്ഞു.
മർദനത്തിനിരയായ എ ഡി തോമസ്, അജയ് ജുവൽ കുര്യാക്കോസ് ഒന്നാം സാക്ഷി ജോജി മോൻ ജോസഫ് (ദൃശ്യങ്ങൾ പകർത്തിയയാൾ), അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മൂന്ന് ലോക്കൽ പൊലീസ് ഉദ്യഗസ്ഥർ എന്നിവരാണ് പ്രതികളായ അഞ്ചുപേരെയും തിരിച്ചറിഞ്ഞത്.
തങ്ങൾ മൂന്നുപേരും അഞ്ചു പ്രതികളെയും തിരിച്ചറിഞ്ഞതായി എ ഡി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതികൾ നിരന്തരം കള്ളം പറഞ്ഞ് കേസന്വേഷണം മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ്. കോടതി പെരുമാറിയതും എല്ലാവരും കണ്ടതാണ്. പ്രതിഭാഗത്തിൻ്റെയും കോടതിയുടെയും ഭാഗത്തുനിന്ന് കേസ് പൂർണമായും അട്ടിമറിക്കാനുള്ള ശ്രമം നടന്നുവെന്നും എ ഡി തോമസ് ആരോപിച്ചു.
കേസന്വേഷണം തൃപ്തികരമാണെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ആവശ്യപ്പെടുമെന്നും അജയ് ജുവൽ കുര്യാക്കോസ് പറഞ്ഞു. ലാത്തി കണ്ടെടുത്തു എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ഇക്കാര്യം ജാമ്യാപേക്ഷയിൽ എഴുതി കൊടുത്തിട്ടുമില്ല. എന്നിട്ടും അവർ പറയുന്ന വാദം കോടതി വിശ്വസിച്ചു. ഇക്കാര്യം കോടതി പരിശോധിക്കണമായിരുന്നുവെന്നും അജയ് ജുവൽ കുര്യാക്കോസ് പറഞ്ഞു.
അതേസമയം ചോദ്യംചെയ്യൽ രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ആക്രമണത്തിന് ഉപയോഗിച്ച ലാത്തി പോലെ തോന്നുന്ന വടി കണ്ടെടുക്കുക എന്നതാണ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുന്നിലെ നിർണായക കടമ്പ. തങ്ങൾക്ക് അനുവദിച്ച ലാത്തിയാണെന്നും തിരികെ ഓഫീസിൽ ഏൽപ്പിച്ചുവെന്നുമാണ് പ്രതികളുടെ മൊഴി. എന്നാൽ പ്രതികൾ ഉപയോഗിച്ചത് ലാത്തിയല്ലെന്നും സ്വന്തമായി വാങ്ങിയ, ലാത്തിയേക്കാൾ നീളം കൂടിയ വടിയാണെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തൽ. തിരിച്ചറിയൽ പരേഡ് പൂർത്തിയായതോടെ തെളിവെടുപ്പ് നടപടിക്രമങ്ങളിലേക്കും എസ്ഐടി കടക്കും. പ്രതികളെ ഇന്നുതന്നെ ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷനിലേക്ക് എത്തിച്ചേക്കും.


