കുഴി അടക്കൽ പോരെന്നും റീ ടാറിംഗ് വേണമെന്നാവശ്യപ്പെട്ട് കേരള റോഡ് ഫണ്ട് ബോർഡ് ഓഫീസ് ആലുവ എം എൽ എ അൻവർ സാദത്  ഉപരോധിച്ചു. റോഡ് നിർമ്മാണത്തിൽ ആർക്കെങ്കിലും വീഴ്ചയുണ്ടായെങ്കിൽ സന്ധിചെയ്യില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.

കൊച്ചി: റോഡിലെ കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ചതിന് പിറകെ ആലുവ പെരുമ്പാവൂർ റോഡിൽ വീണ്ടും കുഴി അടച്ച് തുടങ്ങി. പെരുമ്പാവൂർ മുതൽ തോട്ടുമുഖം വരെയാണ് കുഴിയടക്കൽ തുടങ്ങിയത്. അതിനിടെ, കുഴി അടക്കൽ പോരെന്നും റീ ടാറിംഗ് വേണമെന്നാവശ്യപ്പെട്ട് കേരള റോഡ് ഫണ്ട് ബോർഡ് ഓഫീസ് ആലുവ എം എൽ എ അൻവർ സാദത് ഉപരോധിച്ചു. റോഡ് നിർമ്മാണത്തിൽ ആർക്കെങ്കിലും വീഴ്ചയുണ്ടായെങ്കിൽ സന്ധിചെയ്യില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.

റോഡിലെ കുഴിയിൽ വീണ് യാത്രക്കാരനായ കുഞ്ഞ് മുഹമ്മദ് മരിച്ചതിന് പിറകെയാണ് അധികൃതർ വീണ്ടും കുഴി അടപ്പ് തുടങ്ങിയത്. ആലുവ മുതൽ പെരുമ്പാവൂർ വരെയുള്ള 14 കിലോ മീറ്റർ റോഡിലുള്ള കുഴികളാണ് അടയ്ക്കുക. റോഡ് പണിയിൽ തൃപ്തരാകാതെ നാട്ടുകാർ മുന്നിട്ടിറങ്ങി നിർദേശം നൽകുന്ന കാഴ്ചയാണ് പലയിടങ്ങളിലും കണ്ടത്. പലപ്പോഴും പ്രദേശവാസികൾ ഉദ്യോഗസ്ഥരോട് കലഹിച്ചു. കുഴി അടച്ചത് കൊണ്ട് ഫലമില്ലെന്നും പൂർണമായും ടാറിങ് നടത്തണമെന്നും ആവശ്യപ്പെട്ട് അൻവർ സാദത് എം എൽ എ കെആര്‍എഫ്ബു ഓഫീസ് ഉപരോധിച്ചു. 

മണിക്കൂറുകൾ നീണ്ട പ്രതിഷേധം നടപടി ഉണ്ടാകുമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് പിൻവലിച്ചത്. എന്നാൽ റോഡിൽ റീ ടാറിംഗ് ഉടൻ തുടങ്ങുമെന്നും ആർക്കെങ്കിലും വീഴ്ച പറ്റിയെങ്കിൽ സനന്ധിചെയ്യില്ലെന്നുമായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ പ്രതികരണം. വിഷയത്തിൽ ശാശ്വത പരിഹാരമാവുന്നത് വരെ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം. അതേസമയം, കുഴിയിൽ വീണ് സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചതിന് പിന്നാലെ സംസ്ഥാന വ്യാപകമായി റോഡുകളിൽ വീണ്ടും വിജലിന്‍സ് പരിശോധന ആരംഭിച്ചു. ആറ് മാസത്തിനിടെ ടാറിങ് പൂര്‍ത്തിയായ റോഡുകളിലാണ് ഓപ്പറേഷൻ സരള്‍ രാസ്ത എന്ന പേരിലെ പരിശോധന.