ആലുവ സബ് ജയിലില്‍ നിന്ന് ഇതര സംസ്ഥാനക്കാരനായ പ്രതി ജയില്‍ ചാടിയിട്ട് ഇന്നേക്ക് ഒരു മാസം പൂർത്തിയാകുന്നു
കൊച്ചി: ആലുവ സബ് ജയിലില്‍ നിന്ന് ഇതര സംസ്ഥാനക്കാരനായ പ്രതി ജയില്‍ ചാടിയിട്ട് ഇന്നേക്ക് ഒരു മാസം പൂർത്തിയാകുന്നു. ഇയാളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. മോഷണക്കേസില്‍ അറസ്റ്റിലായ മധുര്‍ജ്യ സോനോവാളിനായി അന്വേഷണം തുടരുകയാണ് പൊലീസ്. ജയില്‍ മതില്‍ക്കെട്ടിനോട് ചേര്‍ന്ന് നിര്‍മിച്ച ബഹുനില കെട്ടിടമാണ് പ്രതിക്ക് ചാടാന്‍ സഹായകമായത്. ഉൾക്കൊള്ളാവുന്നതിന്‍റെ ഇരട്ടിയിലേറെ തടവുകാരുള്ള ജയിലാണ് ആലുവ സബ് ജയിൽ. നിരന്തരം ആവശ്യമുയര്‍ന്നിട്ടും മതിയായ വാര്‍ഡന്‍മാരെ പോലും ഇതുവരെ ഇവിടെ നിയമിച്ചിട്ടില്ല.
എടത്തലയിലെ അതിഥി തൊഴിലാളികളുടെ ക്യാംപില്‍ നിന്ന് 9 മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതിനാണ് അസം സ്വദേശി മധുര്‍ജ്യ സോനോവാളിനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ ആലുവ സബ് ജയിലില്‍ അടച്ചത്. ഇരുപത്തിനാല് മണിക്കൂറും പാറാവും ഇരുപത്തി നാല് അടിയിലേറെ ഉയരവുമുള്ള ജയിലില്‍ നിന്ന് പ്രതി രക്ഷപ്പെട്ടിട്ട് പിന്നീട് ഒരു വിവരവും ഇല്ല. ഓഗസ്റ്റ് 23ന് വൈകിട്ടാണ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുന്നത്. തൊട്ടടുത്ത ദിവസം 24ന് കുളിക്കാനിറങ്ങിയ മധുര്‍ജയ അതുവഴി ജയില്‍ചാടുകയായിരുന്നു. അസം ധീമാജി ജില്ലക്കാരനായ മധുര്‍ജയ പെരുമ്പാവൂരില്‍ തന്നെയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ആളെ തിരിച്ചറിയാന്‍ പാകത്തില്‍ ഇയാളുടെ ചുണ്ടില്‍ ഒരു മുറിവുണ്ട്, ശരീരത്തില്‍ ടാറ്റുവുണ്ട്.
സംസ്ഥാനത്തെ മറ്റ് പല ജയിലുകളിലുമെന്ന പോലെ ആലുവയിലും തടവ് പുള്ളികളുടെ എണ്ണം ഇരട്ടിയിലേറെയാണ്. 56 തടവുകാര്‍ വേണ്ട സ്ഥലത്ത് 110 പേരാണ് ജയിലിലുള്ളത്. 4 ഉദ്യോഗസ്ഥര്‍മാത്രമാണ് ഇവിടെയുള്ളത്.



