തിരുവനന്തപുരം: മംഗലാപുരത്ത് നിന്നും 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് പോവുകയാണ് ഒരു ആംബുലൻസ്. KL-60 - J 7739 എന്ന ആ ആംബുലൻസിന്റെ വളയം ആരുടെ കൈയ്യിലാണ്? ആ ചോദ്യം എല്ലാവരുടെയും മനസിലുണ്ട്. കാസർഗോഡ് ജില്ലയിലെ ഉദുമ മുക്കുന്നോത്ത് സ്വദേശി ഹസ്സൻ ദേളി എന്ന 34 കാരനാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

ഹൃദയ ശസ്‌ത്രക്രിയക്ക് വേണ്ടിയാണ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് കുഞ്ഞിനെ കൊണ്ടുവരുന്നത്. രാവിലെ 11.15 ഓടെയാണ് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെട്ടത്. കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള  കുഞ്ഞാണ് ആംബുലൻസിൽ ഉള്ളത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് എത്രയും വേഗത്തിൽ കുഞ്ഞിനെ എത്തിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ഹസ്സൻ ഏറ്റെടുത്തിരിക്കുന്നത്.

 മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് റോഡ് മാർഗ്ഗം 15 മണിക്കൂർ സമയമെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ഏതാണ്ട് 620 കിലോമീറ്റർ ദൂരമുണ്ട്. ഈ ദൂരം പത്ത് മണിക്കൂറിനുള്ളിൽ താണ്ടുകയാണ് ഹസ്സന് മുന്നിലുള്ള ലക്ഷ്യം. ആംബുലൻസിന് വഴിയൊരുക്കുന്നത് ശിശു സംരക്ഷണ സമിതി പ്രവർത്തകരാണ്. ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും ടീം അംഗങ്ങള്‍ അറിയിച്ചു.

അതേസമയം സർക്കാരിന്റെ അമൃതം പദ്ധതിയിൽ പെടുത്തി കുഞ്ഞിനെ അമൃത ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമം നടത്തുന്നുണ്ട്.  സിഎച്ച് മുഹമ്മദ് കോയ സ്മാരക സെന്റർ ഉദുമയുടേതാണ് ആംബുലൻസ്. ദീർഘകാലമായി ഹസ്സൻ തന്നെയാണ് ഈ ആംബുലൻസ് ഓടിക്കുന്നത്.

ഇത് ഹസ്സന്റെ രണ്ടാം ദൗത്യം

ഇതാദ്യമായല്ല ഹസ്സൻ ദേളി ദീർഘദൂര യാത്രകൾ ഏറ്റെടുക്കുന്നത്. 2017 ഡിസംബർ മാസം പത്താം തീയ്യതി മംഗലാപുരത്തെ എജെ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്തെ റീജണൽ കാൻസർ സെന്ററിലേക്ക് മറ്റൊരു രോഗിയെയും ഇദ്ദേഹം എത്തിച്ചിട്ടുണ്ട്. കാസർഗോഡ് തളങ്കര സ്വദേശിയായ രോഗിയെയാണ് ഹസ്സൻ തിരുവനന്തപുരത്ത് എത്തിച്ചത്. അന്ന് 8 മണിക്കൂറും 45 മിനിറ്റുമാണ് ഹസ്സൻ ദൂരം താണ്ടാനെടുത്തത്. കേരളക്കരയുടെ അഭിമാനമായി അന്ന് തന്നെ ഹസ്സൻ മാറിയിരുന്നു.