അന്തിയൂർകോണത്തുള്ള യുവതിയുമായുള്ള വിവാഹം മുടക്കുമെന്ന് പറഞ്ഞതിലുള്ള വിരോധമാണ് രാഖിമോളെ കൊല്ലാനുണ്ടായ കാരണം.
തിരുവനന്തപുരം: നെയ്യാറ്റിൻകര തിരുപുറം പുത്തൻ കടയിൽ ചായത്തട്ട് നടത്തുന്ന രാജൻ്റെ മകൾ രാഖിമോളെ (30) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ട കേസിൽ മൂന്ന് പ്രതികളും കുറ്റക്കാരെന്ന് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻ ജഡ്ജ് കെ.വിഷ്ണു കണ്ടെത്തി. അമ്പൂരി തട്ടാമുക്ക് അശ്വതി ഭവനിൽ അഖിൽ (24), അഖിലിൻ്റെ സഹോദരൻ രാഹുൽ (27), ഇവരുടെ സുഹൃത്ത് അമ്പൂരി തട്ടാൻമുക്ക് ആദർശ് നായർ (23) എന്നിവരെയാണ് കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയത്.
2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതിയായ അഖിൽ ഇന്ത്യൻ ആർമിയിൽ ഡ്രൈവറായി ജോലി നോക്കി വരവേ പൂവാർ നിന്നും കളമശ്ശേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കിയിരുന്ന രാഖിമോളെ മിസ്ഡ് കോളിലൂടെ പരിചയപ്പെട്ടു. ശേഷം അഖിൽ രാഖിയുമായി പ്രണയത്തിലാവുകയും തുടർന്ന് അവധിക്ക് രാഖി നെയ്യാറ്റിൻകര പുത്തൻ കടയിലെ വീട്ടിൽ വരുമ്പോഴെല്ലാം രാഖിമോളെ അഖിൽ ബീച്ചിലും മറ്റ് സ്ഥലങ്ങളിലും കൊണ്ടുപോകുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്തു.
അമ്പൂരി രാഖി കൊലപാതകം: ഒന്നാം പ്രതി അഖിൽ വിമാനത്താവളത്തിൽ വച്ച് പിടിയിൽ
രാഖിമോളുമായി പ്രണയത്തിലിരിക്കെ തന്നെ അന്തിയൂർക്കോണം സ്വദേശിയായ ഒരു യുവതിയുമായി അഖിൽ പ്രണയത്തിലാവുകയും തുടർന്ന് രാഖിയെ ഒഴിവാക്കി അന്തിയൂർകോണത്തുള്ള യുവതിയുമായി വിവാഹം നിശ്ചയം നടത്തിയതിൻ്റെ ഫോട്ടോകൾ അഖിൽ ഫെയ്സ് ബുക്കിൽ അപ് ലോഡ് ചെയ്യുകയും ചെയ്തു. ഇതറിഞ്ഞ് അന്തിയൂർകോണത്തുള്ള യുവതിയുമായുള്ള വിവാഹം മുടക്കുമെന്ന് പറഞ്ഞതിലുള്ള വിരോധമാണ് രാഖിമോളെ കൊല്ലാനുണ്ടായ കാരണം.
കൃത്യദിവസം രാഖിമോളെ പൂവാറിലെ വീട്ടിൽ നിന്നും അഖിൽ നെയ്യാറ്റിൻകര ബസ്റ്റാൻഡിൽ അനുനയത്തിൽ വിളിച്ചുവരുത്തി. അമ്പൂരിയിലുള്ള തൻ്റെ പുതിയ വീട് കാണിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് വാഹനത്തിൽ കയറ്റി. അമ്പൂരിയിൽ എത്തി അവിടെ കാത്തുനിന്ന സഹോദരൻ രാഹുൽ, സുഹൃത്ത് ആദർശ് എന്നിവരും വാഹനത്തിൽ കയറി. രാഹുലാണ് വാഹനമോടിച്ചത്. ആദർശും, അഖിലും പിൻ സീറ്റിലായിരുന്നു ഇരുന്നിരുന്നത്. വാഹനത്തിന്റെ മുന്നിലിരുന്ന രാഖിയെ സീറ്റ് ബെൽറ്റ് ഉപയോഗിച്ച് അഖിൽ കഴുത്തു ഞെരിച്ചു വാഹനത്തിനുള്ളിൽ വച്ച് തന്നെ കൊലപ്പെടുത്തുകയായിരുന്നു.
രാഖിയുടെ മൃതദേഹം മൂന്നു പേരും ചേർന്നു അഖിലിൻ്റെ തട്ടാമൂക്കിലെ പുതിയതായി പണിത വീടിൻ്റെ പുറകു വശത്ത് നേരത്തെ തയ്യാറാക്കി വച്ചിരുന്ന കുഴിയിൽ മറവുചെയ്തു. മൃതശരീരം നഗ്നയാക്കി ഉപ്പു പരലുകൾ വിതറി മണ്ണിട്ട് മൂടി തുടർന്ന് കമുക് തൈകൾ വെച്ച് പിടിപ്പിക്കുകയും ചെയ്തു. തുടർന്ന് അഖിൽ ജോലിസ്ഥലമായ ലഡാക്കിലും ആദർശും രാഹുലും ഗുരുവായൂരിലേക്കും സ്ഥലം വിടുകയും ചെയ്തു.
മകളെ കാണാനില്ലെന്ന് കാണിച്ച് രാഖിയുടെ പിതാവ് രാജൻ പുവ്വാർ പോലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തി വരവേയാണ് ആദർശിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ആദർശിൻ്റെ കുറ്റസമ്മത മൊഴിയിലാണ് ഒന്നും രണ്ടും പ്രതികളായ അഖിലും രാഹുലും പോലീസിന്റെ കസ്റ്റഡിയിലാകുന്നത്. പ്രതികളുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ രാഖിയുടെ മൃതശരീരം അഖിലിൻ്റെ വീട്ട് വളപ്പിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.
അമ്പൂരി രാഖി കൊലപാതകം: കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും, കേസില്‍ മൂന്ന് പ്രതികള്‍
94 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 92 തൊണ്ടിമുതലുകളും 178 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ആദർശിനെ ചികിത്സിച്ച ഡോക്ടറെ പ്രതിഭാഗം സാക്ഷിയായി വിസ്തരിച്ച് 15 രേഖകളും പ്രതിഭാഗം ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ പി.പി. ഗീത ആലപ്പുഴ, പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ എന്നിവർ ഹാജരായി.
അമ്പൂരി കൊലക്കേസ്: പ്രതി അഖിൽ റിമാൻഡിൽ, കല്ലെറിഞ്ഞ് നാട്ടുകാർ, തെളിവെടുപ്പ് തീർന്നില്ല
ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം

