കണ്ണൂർ: പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് അമിത് ഷാ കേരളത്തിൽ ഉടൻ പ്രചാരണം നടത്താൻ എത്തില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അമിത് ഷായുടെ സന്ദർശനത്തിന്‍റെ തീയതി തന്നെ തീരുമാനിച്ചിട്ടില്ല. അത്തരത്തിൽ തീരുമാനം വന്നു എന്ന തരത്തിൽ കേരളത്തിലെ മാധ്യമങ്ങൾ വാർത്ത നൽകിയത് അപഹാസ്യമാണ്. കാള പെറ്റു എന്ന് കേട്ട ഉടൻ കയറെടുക്കുന്ന തരത്തിലാണ് മാധ്യമങ്ങൾ പെരുമാറുന്നതെന്ന് പറഞ്ഞ് വി മുരളീധരൻ, തീരുമാനിക്കാത്ത സന്ദർശനത്തിന്‍റെ പേരിൽ സമരം വരെ ചിലർ പ്രഖ്യാപിച്ചില്ലേ എന്നും പരിഹസിച്ചു.

ദില്ലിയിൽ വീടുവീടാന്തരം കയറി പൗരത്വ നിയമഭേദഗതിയെക്കുറിച്ച് സംസാരിക്കാൻ ബിജെപി നടത്തിയ ഗൃഹസന്ദർശനപരിപാടിയുടെ ഭാഗമായി ലജ്പത് നഗറിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എതിരെ ഗോ ബാക്ക് വിളികളുയർന്നിരുന്നു. ബാനറടക്കം കെട്ടി ആ പ്രതിഷേധം നടത്തിയത് മലയാളി കൂടിയായ അഭിഭാഷക, കൊല്ലം സ്വദേശി സൂര്യയായിരുന്നു.

Read more at: ജീവന് ഭീഷണിയെന്ന് അമിത് ഷായ്ക്ക് 'ഗോ ബാക്ക്' വിളിച്ച മലയാളി പെൺകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട്

ജനാധിപത്യത്തിൽ സംഖ്യാബലം തന്നെയാണ് പ്രധാനമെന്ന് വി മുരളീധരൻ പറയുന്നു. നിയമം ഭരണഘടനാ വിരുദ്ധം ആണോ എന്ന് കോടതി തീരുമാനം എടുക്കട്ടെ. 

രാജ്യത്ത് എൻആർസി നടപ്പാക്കാൻ ആരും തീരുമാനിച്ചിട്ടില്ല. പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ഈ നാട്ടിൽ പരത്തുന്നത് നുണകളുടെ ഘോഷയാത്രയാണ്. 

പൗരത്വ നിയമഭേദഗതിക്ക് എതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തോട് ഗവർണർ നടത്തിയ പ്രതികരണം അഭിനന്ദനാർഹമായിരുന്നെന്നും വി മുരളീധരൻ പറഞ്ഞു. പ്രതികരണം കേട്ട തനിക്ക് ഗവർണറെ അഭിനന്ദിക്കാൻ തോന്നി. നിയമത്തെക്കുറിച്ചും അത് നടപ്പാക്കുന്നതിനെക്കുറിച്ചും, മാധ്യമങ്ങൾ മിക്കതും തെറ്റായ ചിത്രമാണ് നൽകുന്നത്. പ്രതിഷേധം വളരെ കുറച്ചു തെരുവുകളിൽ മാത്രമാണുണ്ടായിരുന്നത്. അതിനെ പെരുപ്പിച്ച് കാട്ടുകയായിരുന്നു മാധ്യമങ്ങളെന്നും വി മുരളീധരൻ ആരോപിച്ചു. 

കണ്ണൂരിൽ ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവേയായിരുന്നു മുരളീധരന്‍റെ പ്രസംഗം. 

Read more at: അമിത് ഷായ്ക്ക് നേരെ 'ഗോ ബാക്ക്' വിളിച്ചത് മലയാളി പെൺകുട്ടി, ഇറക്കിവിട്ട് ഫ്ലാറ്റുടമ