ലോകത്ത് 11 പേര്‍ മാത്രം രക്ഷപ്പെട്ട രോഗം, തലസ്ഥാനത്ത് 6 പേര്‍ ചികിത്സയിൽ, ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം
ലോകത്ത് തന്നെ ആകെ 11 പേര്‍ മാത്രമാണ് ഈ രോഗബാധയിൽ നിന്നും രക്ഷപ്പെട്ടിട്ടുള്ളൂവെന്നതാണ് രോഗത്തിന്റെ തീവ്രത വ്യക്തമാക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 15 അമീബിക്ക് മസ്തിഷ്കജ്വര കേസുകൾ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. ഇതിൽ രണ്ട് പേര് രോഗമുക്തരായി. തിരുവനന്തപുരത്ത് 7 പോസിറ്റീവ് കേസുകൾ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. അമീബിക്ക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം ഐസിഎംആർ പഠനം നടത്തുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരത്ത് ചികിത്സയിലുളളവരിൽ 6 പേര്‍ ചികിത്സയിലാണ്. ഇവര്‍ക്ക് നെല്ലിമൂടിലെ കുളവുമായി സമ്പർക്കമുണ്ട്. ഇവിടെ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. നെല്ലിമൂട് കുളത്തിൽ നിന്നുള്ള കൂടുതൽ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നെല്ലിമൂട് സ്വദേശികൾക്കും പേരൂര്‍ക്കട സ്വദേശിക്കുമാണ് തലസ്ഥാനത്ത് രോഗബാധ ഉണ്ടായത്. കുളം ഉപയോഗിച്ച 33 പേരെ കണ്ടെത്തി. രണ്ട് പേര്‍ക്ക് കൂടി രോഗം സംശയിക്കുന്നുണ്ട്. പൊടിയോ, പുകയോ വെള്ളത്തിൽ ചേർത്ത്ശക്തിയായി മൂക്കിലൂടെ വലിച്ചു കയറ്റിയെന്നാണ് കണ്ടെത്തലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരത്തെ ആദ്യ രോഗി 23ന് മരിച്ച യുവാവാണ്. തൃശൂരിലാണ് ഇതിന് മുമ്പ് മുതിർന്ന ആൾക്ക് രോഗം സ്ഥിരീകരിച്ചത്. ലോകത്ത് തന്നെ ആകെ 11 പേര്‍ മാത്രമാണ് ഈ രോഗബാധയിൽ നിന്നും രക്ഷപ്പെട്ടിട്ടുള്ളൂവെന്നത് രോഗത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.
അമീബിക്ക് മസ്തിഷ്കജ്വര കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. കേരളത്തിൽ എന്ത് കൊണ്ടാണ് കൂടുതൽ കേസുകൾ എന്നതടക്കം പരിശോധിക്കും. ഐസിഎംആറിന് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കത്ത് അയച്ചിരുന്നു. ഐസിഎംആർവ വിദഗ്ധ സംഘം പഠനം നടത്തും. കൂടുതൽ മരുന്ന് വേണ്ടിവരുന്ന സാഹചര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കുറച്ച് കൂടി സ്റ്റോക്ക് നൽകാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
രോഗബാധയുടെ സാഹചര്യത്തിൽ കരുതൽ വേണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. പായൽ പിടിച്ചതും മൃഗങ്ങളെ കുളിപ്പിച്ചതുമായ കുളങ്ങളിൽ കുളിക്കരുത്. രോഗലക്ഷണങ്ങൾ ഉള്ളവർ ചികിത്സ തേടണം. നിലവിൽ ചികിത്സയിലുള്ളവർക്ക് ആവശ്യമായ മരുന്ന് സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ട്. മൂക്കിലോ, തലയിലോ ശസ്ത്രക്രിയ നടത്തിയവർക്കും തലയിൽ പരിക്ക് പറ്റിയവർക്കും രോഗം പടരാൻ കൂടുതൽ സാധ്യത. തിരുവനന്തപുരം പേരൂർക്കട സ്വദേശിക്ക് രോഗം പടര്‍ന്നുവെന്ന് സംശയിക്കുന്ന കുളവുമായി ബന്ധമില്ല. ഈ രോഗിക്ക് എവിടെ നിന്നാണ് രോഗം വന്നതെന്ന് കത്താൻ ശ്രമം തുടരുകയാണ്. തെരഞ്ഞെടുക്കപ്പെട്ട കുളങ്ങളിൽ അമീബയുടെ സാന്ദ്രത പഠിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
പൊലീസിന് തിരിച്ചടി, ബിജെപി തൃശൂർ ജില്ലാ പ്രസിഡന്‍റിനെതിരായ സ്ഥിരം കുറ്റവാളി കേസ് കോടതി റദ്ദാക്കി