തിരുവനന്തപുരം നഗരസഭ പാര്‍ലമെന്‍ററി സെക്രട്ടറി എന്ന നിലയില്‍ കത്ത് തയ്യാറാക്കിയിരുന്നുവെന്നും എന്നാല്‍ അത് ജില്ലാ സെക്രട്ടറിക്ക് കൈമാറിയിട്ടില്ലെന്നും ഡി ആര്‍ അനില്‍ പറഞ്ഞുവെന്ന് അനില്‍ ന്യൂസ് അവറില്‍ പറഞ്ഞു.

തിരുവനന്തപുരം: കരാര്‍ നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി ആര്‍ അനില്‍ അയച്ച കത്തില്‍ വിശദീകരണവുമായി സിപിഎം കൗണ്‍സിലര്‍ അംശു വാമദേവന്‍. തിരുവനന്തപുരം നഗരസഭ പാര്‍ലമെന്‍ററി സെക്രട്ടറി കൂടിയായ ഡി ആര്‍ അനില്‍, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്തിനെ കുറിച്ച് ന്യൂസ് അവറിലാണ് അംശു വാമദേവന്‍റെ വെളിപ്പെടുത്തല്‍. തിരുവനന്തപുരം നഗരസഭ പാര്‍ലമെന്‍ററി സെക്രട്ടറി എന്ന നിലയില്‍ കത്ത് തയ്യാറാക്കിയിരുന്നുവെന്നും എന്നാല്‍ അത് ജില്ലാ സെക്രട്ടറിക്ക് കൈമാറിയിട്ടില്ലെന്നും ഡി ആര്‍ അനില്‍ പറഞ്ഞുവെന്ന് അംശു വാമദേവന്‍ ന്യൂസ് അവറില്‍ പറഞ്ഞു. 

എസ് എ റ്റി ആശുപത്രിയിലെ കൂട്ടിരുപ്പുകാര്‍ക്കായി നിര്‍മ്മിച്ചിരിക്കുന്ന വിശ്രമകേന്ദ്രം തുറക്കുന്നില്ലെന്നും തിരുവനന്തപുരം നഗരസഭ വന്‍ അലംഭാവം കാണിക്കുന്നുവെന്നും എന്ന തരത്തില്‍ പത്ര വാര്‍ത്ത വന്നതിന്‍റെ അടിസ്ഥാനത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ നിയമിക്കുന്നതിനായി രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തണമെന്ന് കാട്ടി പാര്‍ലമെന്‍ററി സെക്രട്ടറി എന്ന നിലയില്‍ ജില്ലാ സെക്രട്ടറിയോട് ആവസ്യപ്പെടാന്‍ കത്ത് തയ്യാറാക്കിയിരുന്നു. എന്നാല്‍, കുടുംബശ്രീയുടെ ജില്ലാ മിഷനുമായി ബന്ധപ്പെട്ട് വിശ്രമകേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തതിനാല്‍ ആ കത്ത് ജില്ലാ സെക്രട്ടറിക്ക് കൈമാറിയില്ലെന്നുമാണ് ഡി ആര്‍ അനില്‍ പറഞ്ഞുവെന്ന് അംശു വാമദേവന്‍ കൂട്ടിച്ചേര്‍ത്തു.

മേയറുടെ കത്ത് വിവാദമായതിന് തൊട്ട് പിന്നാലെയാണ് കോര്‍പറേഷനിലെ പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറിയായ ഡി ആര്‍ അനിലിന്‍റെ ലെറ്റര്‍ പാഡിലെഴുതിയ മറ്റൊരു കത്ത് പുറത്ത് വന്നത്. എസ് എ ടി ആശുപത്രിയോട് ചേർന്ന വിശ്രമ കേന്ദ്രത്തിലെ നിയമനത്തിനായി പാർട്ടി പട്ടിക തേടിയായിരുന്നു ഡി ആര്‍ അനിലിന്‍റെ കത്ത്. മാനേജർ അടക്കം മൂന്ന് തസ്തികകളിലായി ഒമ്പത് പേരുടെ ഒഴിവുണ്ടെന്ന് അറിയിച്ച്, യോഗ്യരായ കുടുംബശ്രീ അംഗങ്ങളുടെ ലിസ്റ്റ് ആവശ്യപ്പെട്ടാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. ഒക്ടോബർ 24ന് അയച്ച കത്താണ് പുറത്ത് വന്നത്. മേയര്‍ ആര്യാ രാജേന്ദ്രൻ ആനാവൂര്‍ നാഗപ്പന് അയച്ച കത്ത് ഡി ആര്‍ അനിലാണ് വാര്‍ഡിലെ വാട്സാപ്പ് ഗ്രൂപ്പിലിട്ടെന്നും അതാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതെന്നുമുള്ള വിവരം പുറത്തായതിന് പിന്നാലെയാണ് ഡിആര്‍ അനിലിന്റെ കത്തും വൈറലായത്.