അനിൽ ആൻ്റണിയെ ബിജെപിയിൽ എത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക താല്പര്യമെടുത്തെതിനെ തുടർന്നാണെന്നാണ് വിവരം.

തിരുവനന്തപുരം: ബിജെപിയില്‍ ചേര്‍ന്ന് അനിൽ ആന്‍റണി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്ന് ബിജെപി വൃത്തങ്ങൾ. അനിലിന്റെ പാർട്ടിയിലെ റോളും വൈകാതെ തീരുമാനിക്കും. അനിൽ ആന്‍റണിയെ ബിജെപിയിൽ എത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക താല്പര്യമെടുത്തെതിനെ തുടർന്നാണെന്നാണ് വിവരം. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനുമായും അനിൽ ആന്‍റണി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. 

ഈ മാസം 25 ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിക്കൊപ്പം അനിൽ ആൻ്റണിയെയും പങ്കെടുപ്പിക്കാനാണ് ബിജെപി നീക്കം. യുവാക്കളുമായുള്ള മോദിയുടെ സംവാദ പരിപാടി സംസ്ഥാനത്ത് അനിലിന്‍റെ പാർട്ടിയിലെ അരങ്ങേറ്റ വേദിയാക്കി മാറ്റാനാണ് തീരുമാനം. യുവാക്കളുടെ പ്രതിനിധി എന്ന നിലയിൽ അനിൽ ആന്‍റണിയെ കൂടി വേദിയിലെത്തിക്കുന്നത് വലിയ നേട്ടമാകുമെന്നാണ് പാർട്ടി കണക്ക് കൂട്ടൽ. അനിൽ ആന്‍റണി ഒരു തുടക്കം മാത്രമെന്നാണ് ബിജെപി പറയുന്നത്. എതിർചേരിയിലെ കൂടുതൽ പ്രമുഖർ, മറ്റ് രംഗത്തെ വിഐപികൾ അങ്ങനെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അമ്പരിപ്പിക്കുന്ന വരവുകൾ ഇനിയുമേറെയുണ്ടെന്നാണ് അവകാശവാദം.

Also Read: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ കണ്ടു; അനിൽ ആന്‍റണിക്ക് വൈകാതെ ദേശീയ റോൾ കിട്ടുമെന്ന് സൂചന

അതേസമയം, അനില്‍ ആന്‍റണിയുടെ ബിജെപി പ്രവേശനത്തെ അവഗണിച്ച് തള്ളാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. ആന്‍റണിയുടെ പ്രതികരണത്തോടെ അധ്യായം അവസാനിച്ചെന്നാണ് കെപിസിസി നിലപാട്. തെറ്റുതിരുത്തി അനില്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നാണ് സഹോദരന്‍ അജിത് ആന്‍റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ആന്‍റണിയുടെ മകന്‍ എന്ന നിലയില്‍ അവസരങ്ങള്‍ നല്‍കിയ നേതാക്കളും അനിലിനെ പൂര്‍ണമായി തള്ളുകയാണ്.

Also Read: പ്രധാനമന്ത്രി കേരളത്തിലേക്ക്; 'യുവം' സമ്മേളനത്തിൽ മോദിക്കൊപ്പം അനിൽ ആന്റണിയും പങ്കെടുക്കും

YouTube video player