കോൺഗ്രസ് നേതാവ് ബിആർഎം ഷഫീറിൻ്റെ ഭാര്യ ഷാനി ഷഫീർ സീമാറ്റിലെ റിസർച്ച് ഓഫീസർ സ്ഥാനം രാജിവച്ചു. നിയമനം വലിയ വിവാദമാവുകയും പ്രതിഷേധം ഉയരുകയും ചെയ്തതിന് പിന്നാലെയാണ് നടപടി.
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ബിആർഎം ഷഫീറിൻ്റെ ഭാര്യ ഷാനി ഷഫീർ രാജിവച്ചു. സീമാറ്റിലെ റിസർച്ച് ഓഫീസർ തസ്തികയിൽ നിന്നാണ് രാജി. നിയമനം വിവാദമായതിന് പിന്നാലെയാണ് നടപടി. വെള്ളിയാഴ്ചയാണ് ഷാനി ഷഫീർ രാജി സമർപ്പിച്ചത്. ഗവേഷണം പൂർത്തിയാക്കുന്നതിനാണ് രാജിയെന്നാണ് വിശദീകരണം. നിയമനത്തിനെതിരെ നേരത്തെ സീമാറ്റിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉൾപ്പെടെ പ്രതിഷേധിച്ചിരുന്നു.
യുഡിഎഫ് അധികാരത്തിൽ വന്നതിന് പിന്നാലെ എൻജിഒ അസോസിയേഷന്‍റെ സമ്മേളനത്തില്‍ വെച്ച് പൊലീസിൽ സ്ഥലം മാറ്റം ചോദിച്ച അളിയനോട് പോയി പണി നോക്കാൻ പറഞ്ഞെന്നാണ് കെപിസിസി ജനറൽ സെക്രട്ടറി ബിആര്‍എം ഷഫീര്‍ പ്രസംഗിച്ചത്. അളിയനോട് അങ്ങനെ പറഞ്ഞത് അഭിമാനത്തോടെ അവതരിപ്പിച്ച സദസ്സിന് ആവേശം കൊള്ളിച്ചു. എന്നാൽ ഭാര്യയ്ക്ക് താല്‍ക്കാലികമായെങ്കിലും പണി തരപ്പെടുത്തിയാണ് ബിആർഎം ഷഫീർ വിവാദത്തിൽപെട്ടത്. ഒഴിവ് വന്നപ്പോള്‍ അപേക്ഷിച്ചെന്നും ആരുടെയും അവസരം തട്ടിയെടുത്തിട്ടില്ലെന്നും ബിആര്‍എം ഷഫീര്‍ പ്രതികരിച്ചിരുന്നു.
ബയോഡേറ്റ ലഭിച്ചപ്പോള്‍ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയത് എന്നാണ് സീമാറ്റിന്‍റെ പ്രതികരണം. സീ മാറ്റിൽ മുന്‍ സര്‍ക്കാര്‍ നിയമിച്ച സിപിഎം നേതാക്കളുടെ ബന്ധുക്കളെ ഉള്‍പ്പടെ ആരെയും പിരിച്ചുവിട്ടിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു. അധ്യാപക പരിശീലനത്തിനായുള്ള സ്ഥാപനത്തിൽ പുതിയ സര്‍ക്കാര്‍ കൂടുതൽ പേരെ നിയമിച്ചു. ബന്ധു നിയമനം മുന്‍ സര്‍ക്കാരിനെതിരെ പ്രചാരണ വിഷയമാക്കിയ യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ ബന്ധുക്കള്‍ക്ക് ജോലി തരപ്പെടുത്തുന്നു എന്നാണ് ആക്ഷേപം ഉയരുന്നത്.



