മുളന്തുരുത്തി പോലീസ് സ്റ്റേഷനിലെ എഎസ്ഐ സജുമോനെ തൊണ്ടിമുതലായ ബൈക്ക് ആക്രിക്കടക്കാരന് വിറ്റതിന് സസ്പെൻഡ് ചെയ്തു. വാഹനാപകടത്തിൽ ഉടമ മരിച്ച കേസിൽ ഉൾപ്പെട്ട ബൈക്കാണ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ അനുമതിയില്ലാതെ വിറ്റത്. സംഭവം വിവാദമായതോടെ ബൈക്ക് തിരിച്ചെത്തിക്കുകയും റൂറൽ എസ്പി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

കൊച്ചി: പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന അപകടക്കേസിലെ തൊണ്ടിമുതലായ ബൈക്ക് ആക്രിക്കടക്കാരന് വിറ്റ അഡിഷണൽ എസ്ഐക്ക് സസ്‌പെൻഷൻ. എറണാകുളം മുളന്തുരുത്തി പോലീസ് സ്റ്റേഷനിലെ അഡിഷണൽ എസ്ഐ സജുമോനെയാണ് റൂറൽ എസ്പി സസ്‌പെൻഡ് ചെയ്തത്. സ്റ്റേഷൻ ഇൻസ്പെക്ടറുടെ പോലും അനുമതിയില്ലാതെയായിരുന്നു എഎസ്ഐയുടെ ഈ രഹസ്യ വിൽപന. വാഹനാപകടത്തെ തുടർന്ന് ഒൻപത് മാസത്തോളമായി മുളന്തുരുത്തി സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന ബൈക്കാണ് എഎസ്ഐ വിറ്റത്. അപകടത്തിൽ ബൈക്ക് ഉടമ മരണപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്റ്റേഷനിൽ ആരും അറിയാതെയാണ് എഎസ്ഐ ബൈക്ക് വിറ്റ് ആക്രിക്കടക്കാരനിൽ നിന്ന് പണം കൈപ്പറ്റിയത്. തൊണ്ടിമുതൽ വിറ്റ സംഭവം പുറത്തായതോടെ സ്പെഷൽ ബ്രാഞ്ച് ഇതിനെക്കുറിച്ച് രഹസ്യമായി അന്വേഷിച്ചു. പിന്നീട് റിപ്പോർട്ട് റൂറൽ എസ്പിക്ക് റിപ്പോർട്ട് സമർപ്പിച്ചു. സംഭവം വിവാദമായതോടെ വിറ്റ ബൈക്ക് സ്റ്റേഷനിൽ തിരിച്ചെത്തിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ച വാഹന ഉടമയുടെ ബന്ധുക്കളുടെ പൂർണ്ണമായ അറിവോടെയും സമ്മതത്തോടെയുമാണ് ബൈക്ക് വിറ്റതെന്നായിരുന്നു സജുമോൻ പോലീസിന് നൽകിയ വിശദീകരണം. എന്നാൽ കേസിലെ തൊണ്ടിമുതൽ സ്റ്റേഷന്റെയോ കോടതിയുടെയോ അനുമതിയില്ലാതെ പുറത്തേക്ക് വിൽക്കാൻ പാടില്ലെന്നിരിക്കെ, എഎസ്ഐയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയും നിയമലംഘനവും ഉണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് റൂറൽ എസ്പി ഇയാൾക്കെതിരെ ഉടനടി സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്. സംഭവത്തിൽ വകുപ്പുതല അന്വേഷണവും തുടരുകയാണ്.