പെരുകുന്ന അക്രമങ്ങൾക്കും ലഹരിക്കുമെതിരെ കേരളത്തെ ഒന്നിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ് മെഗാ ലൈവത്തോൺ. കേരളത്തിന്‍റെ മുക്കിലും മൂലയിലും വരെ സുലഭമായ രാസലഹരിയെ പിടിച്ചുകെട്ടാൻ നിയമസംവിധാനം ഉണർന്ന് പ്രവർത്തിക്കണമെന്ന് രക്ഷിതാക്കളും അധ്യാപകരും ഒറ്റക്കെട്ടായി ലൈവത്തോണിൽ ആവശ്യപ്പെട്ടു. ജീവിതമാകണം ലഹരിയെന്ന് മോഹൻലാൽ പറഞ്ഞു
തിരുവനന്തപുരം: പെരുകുന്ന അക്രമങ്ങൾക്കും ലഹരിക്കുമെതിരെ കേരളത്തെ ഒന്നിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ് മെഗാ ലൈവത്തോൺ. കേരളത്തിന്‍റെ മുക്കിലും മൂലയിലും വരെ സുലഭമായ രാസലഹരിയെ പിടിച്ചുകെട്ടാൻ നിയമസംവിധാനം ഉണർന്ന് പ്രവർത്തിക്കണമെന്ന് രക്ഷിതാക്കളും അധ്യാപകരും ഒറ്റക്കെട്ടായി ലൈവത്തോണിൽ ആവശ്യപ്പെട്ടു. സമൂഹം ഒറ്റക്കെട്ടായി ഉണരണമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു. സർക്കാർ സംവിധാനങ്ങൾ ഉറങ്ങുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകില്ലെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. അപകടകാരികളായ ഗെയിമുകൾക്ക് തടയിടുമെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.
ലഹരിയും ജീവിതവും ഒന്നിച്ച് പോകില്ലെന്ന് യുവതലമുറയെ ഓർമിപ്പിച്ച് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ജീവിതമാകണം ലഹരിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിൽ മോഹൻലാൽ പറഞ്ഞു. ദൗത്യത്തിൽ അണിചേർന്ന് കലാ സാംസ്കാരിക പ്രവർത്തകർ ഒറ്റക്കെട്ടായി രംഗത്തെത്തി. സിനിമകളിലെ അമിത വയലൻസിന് ന്യായീകരണമില്ലെന്ന് സംവിധായകൻ കമൽ പറഞ്ഞു. തിരുവനന്തപുരം മാനവീയം വീഥിയിലെ ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ചുവരിൽ പ്രമുഖര്‍ ഒപ്പുവെച്ചു. വിദ്യാലയങ്ങളിൽ അച്ചടക്കം ഉറപ്പാക്കണമെന്നും മാനസികാരോഗ്യം അതിപ്രധാനമെന്ന തിരിച്ചറിവ് ഉണ്ടാകണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. ലഹരിക്കെതിരെ യോജിച്ച പോരാട്ടത്തിന് തയാറെന്ന് വിവിധ
യുവജന നേതാക്കളും പ്രതികരിച്ചു.
കൊലവിളികൾക്കെതിരെ, ജീവിതം തകർക്കുന്ന ലഹരി വിപത്തിനെതിരെ അവബോധം ഉണർത്താനായി മലയാളികളുടെ പ്രിയ വാർത്താചാനലിനൊപ്പം ഒറ്റക്കെട്ടായി കേരളം അണിനിരന്നു. ഒട്ടേറെ സുപ്രധാന നിർദേശങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് മെഗാ ലൈവത്തോണിൽ രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും മുന്നോട്ടുവെച്ചത്. എല്ലാം പെർഫെക്റ്റ് എന്ന മേനിപറച്ചിൽ ഒഴിവാക്കി സർക്കാർ സംവിധാനങ്ങൾ ഉണരണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു.
കുട്ടികൾ ലഹരി ഉപയോഗിക്കുന്നു എന്ന സംശയം തോന്നിയാൽ അന്വേഷണ ഏജൻസികളെ ബന്ധപ്പെടാൻ രക്ഷിതാക്കൾ ഭയക്കരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നൽകി. ലഹരിയുടെ നീരാളിപ്പിടുത്തത്തിൽനിന്ന് മോചിതരായ അനുഭവം പങ്കുവെച്ച പ്രേക്ഷകരും ലൈത്തോണിന്‍റെ ഭാഗമായി അക്രമത്തിനും ലഹരിക്കുമെതിരെ മാനവീയം വീഥിയിലൊരുക്കിയ വേദിയിൽ കവി മുരുകൻ കാട്ടാക്കട, ദേശീയ അധ്യാപക അവാര്‍ഡ് നേടിയ സുജി, വിഴിഞ്ഞം പോര്‍ട്ട് എംഡി ദിവ്യ എസ് അയ്യര്‍, ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തുടങ്ങിയവ പ്രമുഖരും പൊതുജനങ്ങളും അണിചേര്‍ന്നു.
'നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; അക്രമമല്ല ഒന്നിന്‍റെയും പരിഹാരമെന്ന് മോഹന്‍ലാല്‍


