Asianet News MalayalamAsianet News Malayalam

Election Fund|പണമൊഴുകിയത് സിപിഎമ്മിലേക്ക്, ചെന്നിത്തലയ്ക്ക് പാർട്ടി വക 5 ലക്ഷം മാത്രം, സുരേന്ദ്രന് 55 ലക്ഷം

കോണ്‍ഗ്രസിന് 39 കോടി കിട്ടിയപ്പോൾ ബിജെപിക്ക് എട്ട് കോടിയാണ് സംഭാവനയായി ലഭിച്ചത്. കോൺ​ഗ്രസിന് രാഹുലിന്‍റെയും പ്രിയങ്കയുടെയും ഹെലികോപ്റ്റർ വിമാനയാത്രയ്ക്ക് മാത്രം രണ്ടര കോടിക്ക് മുകളിൽ ചെലവായി. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി 43 ലക്ഷം രൂപയാണ് ബിജെപിക്ക് ചെലവായത്.

assembly election CPM received highest amount of party fund in kerala chennithala gets 5 lakh k surendran gets 40 lakh
Author
Thiruvananthapuram, First Published Nov 21, 2021, 9:00 AM IST

തിരുവനന്തപുരം: നിയമസഭാ തെരെഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും കൂടുതൽ സംഭാവന കിട്ടിയത് സിപിഎമ്മിനെന്ന് കണക്കുകൾ. 58 കോടി രൂപയാണ് തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന് ലഭിച്ചത്. കോണ്‍ഗ്രസിന് 39 കോടി കിട്ടിയപ്പോൾ ബിജെപിക്ക് എട്ട് കോടിയാണ് സംഭാവനയായി ലഭിച്ചത്. കോൺ​ഗ്രസിന് രാഹുലിന്‍റെയും പ്രിയങ്കയുടെയും ഹെലികോപ്റ്റർ, വിമാന യാത്രയ്ക്ക് മാത്രം രണ്ടര കോടിക്ക് മുകളിൽ ചെലവായി. ഇരുവരുടെയും യാത്രാ ചെലവുകൾ എഐസിസി ആണ് വഹിച്ചത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി 43 ലക്ഷം രൂപയാണ് ബിജെപിക്ക് ചെലവായത്.ഐഎഎഫ് വിമാനങ്ങളിൽ യാത്ര ചെയ്തതാണ് ചെലവ് കുറച്ചത്. രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച കണക്കിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. 

assembly election CPM received highest amount of party fund in kerala chennithala gets 5 lakh k surendran gets 40 lakh

ഏറ്റവും വാശിയേറിയ നിയമസഭ അങ്കത്തിന് കേരളം സാക്ഷ്യം വഹിച്ചപ്പോൾ സംഭാവനകൾ കൂമ്പാരമായി, ഇതോടെ പ്രചാരണവും ഗംഭീരമായി. ഭരണകക്ഷിയായ സിപിഎമ്മിലേക്കാണ് ഏറ്റവും കൂടുതൽ പണമൊഴുകിയത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. കൃത്യമായി പറഞ്ഞാൽ എത്തിയത് 58,86,38,762 രൂപയാണ്. ഇതിൽ പരസ്യത്തിന് വേണ്ടിയാണ് സിപിഎം 17 കോടിയും ചെലവഴിച്ചത്. സ്ഥാനാർത്ഥികൾക്ക് നൽകിയെന്ന് വ്യക്തമാക്കുന്നത് നാല് കോടി 21 ലക്ഷമാണ്. ബേപ്പൂരിൽ മുഹമ്മദ് റിയാസിന് 22 ലക്ഷമാണ് ചെലവിനായി പാർട്ടി നൽകിയത്. 

assembly election CPM received highest amount of party fund in kerala chennithala gets 5 lakh k surendran gets 40 lakh

ആർ ബിന്ദുവിന് 20 ലക്ഷം, വീണാ ജോർജിന് 19 ലക്ഷം, ജെയ്ക്ക് സി തോമസിന് 16 ലക്ഷം എന്നിങ്ങനെ പോകുന്നു ആ കണക്കുകൾ. കോൺ​ഗ്രസും ഇക്കാര്യങ്ങളിൽ ഒട്ടും പിന്നിലല്ല. 23 കോടി പ്രചാരണത്തിനും 11 കോടി സ്ഥാനാർത്ഥികൾക്കും 16 കോടി പരസ്യത്തിനും ചെലവഴിച്ചു. സ്ഥാനാർത്ഥികളിൽ ഏറ്റവും കൂടുതൽ തുക പാർട്ടി നൽകിയത് ത്രികോണപോരിൽ വിജയം നേടിയ ഷാഫി പറമ്പിലിന് വേണ്ടിയാണ്, 23 ലക്ഷം. തൃത്താലയിൽ പരാജയപ്പെട്ട വി ടി ബൽറാമിന് കിട്ടിയത് പതിനെട്ടര ലക്ഷമാണ്. എന്നാൽ, സ്റ്റാർ കാൻഡിഡേറ്റ് രമേശ് ചെന്നിത്തലക്ക് പാർട്ടി വിഹിതമായി അഞ്ച് ലക്ഷം മാത്രമാണ് ലഭിച്ചത്. 

ആകെയുണ്ടായിരുന്ന നേമം കൂടി പോയെങ്കിലും എ ക്ലാസ് മണ്ഡ‍ലങ്ങളിൽ ബിജെപി നൽകിയത് വലിയ കരുതലാണ്. 15 ലക്ഷം വീതമാണ് എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കായി ബിജെപി നൽകിയത്. രണ്ട് മണ്ഡ‍ലങ്ങളിൽ മത്സരിച്ച അധ്യക്ഷൻ കെ സുരേന്ദ്രന് പാർട്ടി നൽകിയത് 55 ലക്ഷമാണ്( കോന്നിക്ക് 40 ലക്ഷം, മഞ്ചേശ്വരത്തിന് 15 ലക്ഷം). സ്ഥാനാർത്ഥികൾക്ക് ആകെ നൽകിയത് 9 കോടി 18 ലക്ഷം രൂപയാണ്. വിമാന യാത്രക്കും ഹെലികോപ്റ്റർ യാത്രക്കും മാത്രം ചെലവായത് രണ്ടേ മുക്കാൽ കോടി രൂപയുമാണ്. ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളിൽ യോ​ഗി ആദിത്യനാഥ് വന്ന് പോയതിന് 25 ലക്ഷം രൂപയായി. മൂന്ന് റാലികളിൽ പങ്കെടുത്ത മോദിക്ക് വേണ്ടി ചെലവായത് 43 ലക്ഷം രൂപയുമാണ്. 

എന്നാൽ, സ്റ്റാർ ക്യാമ്പയിനർമാരെ ഇറക്കിയതിൽ സിപിഎമ്മിന് ആകെ ചെലവ് ഏഴ് ലക്ഷം മാത്രമാണ്. സിപിഎം കേന്ദ്ര കമ്മിറ്റിയുടെ ക്ലോസിംഗ് ബാലൻസ് എട്ട് കോടിയാണ്. എന്നാൽ, കേരള ഘടകത്തിന്റേത് 58 കോടിയാണ്. ബിജെപിയുടെ കേരള ഘടകത്തിന്റെ ക്ലോസിംഗ് ബാലൻസ്  7 കോടി 94 ലക്ഷമാണ്. എന്നാൽ,  ദേശീയ ഘടകത്തിന്‍റെ മെയ് മാസത്തെ ക്ലോസിംഗ് ബാലൻസ്  2579 കോടി രൂപയാണ്. എഐസിസിയുടേത് 253 കോടി ആണ്. എന്നാൽ കെപിസിസിക്ക് വെറും രണ്ട് കോടി മാത്രവും.

പ്രധാനപ്പെട്ട കണക്കുകൾ ഇങ്ങനെ

കേരളത്തിൽ ലഭിച്ച തെരഞ്ഞെടുപ്പ് ഫണ്ട്

സിപിഎം- 58 കോടി 86 ലക്ഷംരൂപ

കോണ്‍ഗ്രസ്- 39 കോടി 96ലക്ഷം രൂപ

ബിജെപി- എട്ട് കോടി 65 ലക്ഷം രൂപ

സിപിഎം

പരസ്യം- 17കോടി

സ്ഥാനാർത്ഥികൾക്ക്- 4 കോടി 21 ലക്ഷം

പോസ്റ്റർ - 89 ലക്ഷം

സ്ഥാനാർത്ഥി വിഹിതം

മുഹമ്മദ് റിയാസ്- 22 ലക്ഷം

കെ കെ രാമചന്ദ്രൻ- 22 ലക്ഷം

ആർ ബിന്ദു - 20 ലക്ഷം

വീണാ ജോർജ്ജ്- 19 ലക്ഷം

ജെയ്ക്ക് സി തോമസ് - 16 ലക്ഷം

വി.കെ പ്രശാന്ത് - 6 ലക്ഷം

കോണ്‍ഗ്രസ്

പ്രചാരണത്തിന്-  23 കോടി 33 ലക്ഷം

സ്ഥാനാർത്ഥികൾക്ക് -11 കോടി 56 ലക്ഷം

ഘടകകക്ഷികൾക്ക് -2 കോടി 65 ലക്ഷം

പരസ്യം-16 കോടി

രാഹുൽ-പ്രിയങ്ക പ്രചാരണം

ഹെലികോപ്റ്റർ ചെലവ്- 1 കോടി 57 ലക്ഷം

വിമാനനിരക്ക് - 72 ലക്ഷം

സ്ഥാനാർത്ഥി വിഹിതം

ഷാഫി പറമ്പിൽ - 23 ലക്ഷം

വി ടി ബൽറാം - 18.5 ലക്ഷം

രമേശ് ചെന്നിത്തല - 5 ലക്ഷം

ബിജെപി

സ്ഥാനാർത്ഥികൾക്ക്- 9 കോടി 18 ലക്ഷം

പരസ്യ പ്രചാരണം-7 കോടി 92 ലക്ഷം

എ ക്ലാസ് മണ്ഡലങ്ങളിൽ -15 ലക്ഷം വീതം

കെ സുരേന്ദ്രൻ -  കോന്നിക്ക് 40 ലക്ഷം, മഞ്ചേശ്വരത്തിന് 15 ലക്ഷം
 

Follow Us:
Download App:
  • android
  • ios