സംസ്ഥാനത്ത് ആദ്യമായി വന്യമൃഗാക്രമണം തടയാൻ അതിരപ്പിള്ളി പഞ്ചായത്ത് സ്വന്തമായി പ്രതിരോധ സേന രൂപീകരിച്ചു. 710 രൂപ ദിവസ വേതനത്തിൽ 16 പ്രദേശവാസികളെയാണ് നിയമിച്ചത്. വനംവകുപ്പിന്റെ പരിശീലനം ലഭിച്ച ഈ സേന വൈകിട്ട് ആറു മുതല്‍ രാവിലെ ആറുവരെ  പ്രവർത്തിക്കും.

തൃശൂര്‍: സംസ്ഥാനത്ത് ആദ്യമായി വന്യമൃഗാക്രമണം ചെറുക്കുന്നതിനായി സ്വന്തം നിലയില്‍ പ്രതിരോധ സേനയ്ക്ക് രൂപം നല്‍കി അതിരപ്പിള്ളി പഞ്ചായത്ത്. 710 രൂപ ദിവസ വേതന അടിസ്ഥാനത്തില്‍ പ്രദേശവാസികളായ 16 പേരെയാണ് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നിയമിച്ചത്. പ്രത്യേകം അഭിമുഖം നടത്തി തെരഞ്ഞെടുത്ത ഇവർക്ക് വനംവകുപ്പിന്റെ സഹകരണത്തോടെ 15 ദിവസത്തെ പരിശീലനം നല്‍കിയ ശേഷമാണ് നിയമിച്ചത്. സേനാംഗങ്ങൾക്ക് ആവശ്യമായ യൂണിഫോം, ടോര്‍ച്ച്, വാഹനം എന്നിവ പഞ്ചായത്ത് നല്‍കും. വൈകിട്ട് ആറു മുതല്‍ രാവിലെ ആറുവരെയാണ് സേനയുടെ സേവനം ലഭ്യമാവുക.

സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതിയിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ചാലക്കുടി വനം ഡിവിഷനിലെ പ്രദേശങ്ങളിലാണ് പ്രത്യേക വാച്ചര്‍മാരെ നിയമിച്ചിട്ടുള്ളത്. പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖലയായ തുമ്പൂര്‍മുഴി, വെട്ടിക്കുഴി പ്രദേശങ്ങള്‍ മുതല്‍ കണ്ണന്‍ കുഴി പാലം വരെയുള്ള മേഖലയില്‍ പ്രതിരോധ സേനയുടെ സേവനം ലഭ്യമാകും. ഈ സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് ലക്ഷം രൂപയാണ് പദ്ധതിക്കായി ഭരണസമിതി വകയിരുത്തിയിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ അധിക തുക നീക്കി വെച്ച് കൂടുതല്‍ ആളുകളെ കൂടി നിയമിച്ചുകൊണ്ട് പദ്ധതി വിപുലീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ റിജേഷ് അറിയിച്ചു.