വടകര ഡി വൈ എസ് പി ഹരിപ്രസാദ്, പേരാമ്പ്ര ഡിവൈഎസ്പി സുനിൽകുമാർ എന്നിവർ ഷാഫിയെ ലാത്തി കൊണ്ടടിച്ച സിവിൽ പൊലീസ് ഓഫീസർ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. കോൺഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വമാണ് ഡിജിപിക്ക് പരാതി നൽകിയത്.

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് നടപടിയില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. രണ്ട് ഡിവൈഎസ്പിമാര്‍ക്കും ഷാഫിയെ ലാത്തി കൊണ്ടടിച്ച പൊലീസ് ഉദ്യോഗസ്ഥനുമെതിരെയാണ് കോഴിക്കോട് കോണ്‍ഗ്രസ് നേതൃത്വം പരാതി നല്‍കിയത്. നടപടിയുണ്ടായില്ലെങ്കില്‍ റൂറല്‍ എസ് പിയുടെ ഔദ്യോഗിക വസതിയടക്കം ഉപരോധിച്ചുകൊണ്ട് പ്രതിഷേധം കടുപ്പിക്കുമെന്ന് നേതൃത്വം അറിയിച്ചു. സംഭവത്തിൽ പാർലമെന്റ് പ്രിവിലേജ് കമ്മറ്റിക്ക് ഷാഫി പറമ്പിൽ ഉടൻ പരാതി നൽകും. അതേസമയം, ഷാഫിക്ക് പരിക്കേല്‍ക്കാനിടയായ സാഹചര്യത്തെക്കുറിച്ച് പൊലീസ് ആഭ്യന്തര അന്വേഷണം തുടങ്ങി. പൊലീസ് നടപടിയില്‍ വെട്ടിലായെങ്കിലും പ്രതിരോധം തീര്‍ക്കാനാണ് സിപിഎം ശ്രമം.

പേരാമ്പ്രയില്‍ നടന്ന സംഘര്‍ഷത്തിനിടെ ഷാഫി പറമ്പിലിന് പരിക്കേറ്റ സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിനൊപ്പം നിയമ നടപടികളിലേക്കും കടക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ആദ്യഘട്ടമെന്ന നിലയില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. സംഘര്‍ഷ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പേരാമ്പ്ര ഡിവൈഎസ്പി സുനില്‍കുമാര്‍, വടകര ഡിവൈഎസ്പി ഹരിപ്രസാദ്, ഷാഫിയെ ലാത്തി കൊണ്ടടിച്ച സിവില്‍ പൊലീസ് ഓഫീസര്‍ എന്നിവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് കോൺഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ പരാതി. ഇതിനോടൊപ്പം പ്രാദേശിക തലത്തില്‍ പ്രതിഷേധ പരിപാടികള്‍ തുടരാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. നടപടിയുണ്ടായില്ലെങ്കില്‍ അടുത്ത ഘട്ടമായി മര്‍ദനത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് തന്നെ മാര്‍ച്ച് നടത്തുമെന്നും കോഴിക്കോട് ഡി സി സി പ്രസിഡന്‍റ് കെ പ്രവീൺകുമാർ വ്യക്തമാക്കി. പേരാമ്പ്രയിലെ കോണ്‍ഗ്രസ് പ്രതിഷേധ സംഗമത്തിനിടെ ഇന്നലെ പ്രവര്‍ത്തകര്‍ പൊലീസിനെ തടഞ്ഞിരുന്നു. ഈ സംഭവത്തില്‍ പൊലീസ് ഇന്ന് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യും.

പ്രതിരോധം തീര്‍ക്കാന്‍ സിപിഎം ശ്രമം

അതേസമയം, പൊലീസ് നടപടിയെ ന്യായീകരിച്ച് പേരാമ്പ്രയില്‍ രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് എല്‍ഡിഎഫ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കേ പേരാമ്പ്രയിലെ വിഷയം ഷാഫി പറമ്പിലിന് അനുകൂലമായി നീങ്ങുന്നതിലെ അപകടം സിപിഎം തിരിച്ചറിഞ്ഞിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണത്തില്‍ പ്രതിരോധത്തിലായിരുന്ന ഷാഫിക്ക് പുതിയ സംഭവ വികാസങ്ങള്‍ അനുകൂലമായി മാറിയെന്നും സിപിഎം കണക്ക് കൂട്ടുന്നു. ഷാഫിക്ക് പൊലീസ് മര്‍ദനത്തിലല്ല പരിക്കേറ്റതെന്ന എസ് പിയുടെ വാദം സിപിഎം ഏറ്റെടുത്തിരുന്നെങ്കിലും ലാത്തിയടിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതും തിരിച്ചടിയായി. ഇത് മറികടക്കാന്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങളുമായി ജനങ്ങളിലേക്കിറങ്ങാനാണ് സിപിഎം തീരുമാനം. എംപിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നുവെന്നതാണ് സിപിഎം ആരോപണം. ഇക്കാര്യം ഉയര്‍ത്തിക്കാട്ടി ചൊവ്വാഴ്ച പേരാമ്പ്ര നഗരത്തില്‍ പൊതുയോഗം സംഘടിപ്പിക്കും. അതേസമയം ഷാഫിക്ക് പരിക്കേറ്റ സംഭവത്തെക്കുറിച്ചുള്‍പ്പടെ പൊലീസ് ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്. എസ് പിയെ കീഴുദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിതാണോയെന്ന കാര്യവും പരിശോധിക്കും.

YouTube video player