ചിറയിൻകീഴിൽ ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് തീയിടാൻ ശ്രമം. ടിന്റു ജി വിജയന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് തീയിടാൻ ശ്രമം. ചിറയിൻകീഴ് പതിനാറാം വാർഡ് പുതുക്കരി വയലിൽ വീട്ടിൽ ടിന്റു ജി വിജയന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ടിന്റുവും രണ്ടു കുട്ടികളും അച്ഛനും അമ്മയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഉറക്കത്തിലായിരുന്ന ഇവർ പുറത്തെ ശബ്ദം കേട്ട് ഉണരുകയായിരുന്നു. അപ്പോൾ ഹെൽമറ്റും റെയിൻ കോട്ടും ധരിച്ച് രണ്ടുപേർ വീടിന് പിൻവശത്തായി തീ ഇടുന്നതാണ് കണ്ടത്. വീട്ടിലെ കതകും ഫ്ലോർമാറ്റും കത്തിക്കാൻ ശ്രമിച്ചു. ടിന്റു ജി വിജയൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്.

