രോഗിയെ ഡയാലിസിസിനായി ആശുപത്രിയില്‍ കൊണ്ടുപോയ സമയം നോക്കി വീട്ടില്‍ കയറി നാലര പവന് സ്വര്‍ണാഭരണങ്ങളും ഒന്നര ലക്ഷം രൂപയും കവര്‍ന്ന കേസില്‍ യുവാവ് പൊലീസിന്റെ പിടിയിൽ.
മലപ്പുറം: രോഗിയെ ഡയാലിസിസിനായി ആശുപത്രിയില്‍ കൊണ്ടുപോയ സമയം നോക്കി വീട്ടില്‍ കയറി നാലര പവന് സ്വര്‍ണാഭരണങ്ങളും ഒന്നര ലക്ഷം രൂപയും കവര്‍ന്ന കേസില്‍ യുവാവ് പൊലീസിന്റെ പിടിയിൽ. കോഴിക്കോട് താമരശ്ശേരി എകരൂര് പൂനൂര് സ്വദേശി അനന്തു ബി എം (21) ആണ് കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്. വീട്ടുകാര്‍ ഇല്ലാത്ത സമയം മനസ്സിലാക്കി മോഷണം നടത്തുകയായിരുന്നു. കൊണ്ടോട്ടി ബസ് സ്റ്റാന്റിന് പിന്നിലുള്ള തൈത്തോട്ടത്തില്‍ താമസിക്കുന്ന കോഴിക്കോടന്‍ മൊയ്തീന്‍കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. ആയുര്‍വേദ ഉഴിച്ചില്‍ പഠനത്തിനായി അനന്തു ഒന്നര മാസത്തോളമായി കൊണ്ടോട്ടിയില്‍ താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് വീട്ടില്‍ മോഷണം നടന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.
വീട്ടിലെ രോഗിയെ ഡയാലിസിസ് ചെയ്യിക്കുന്നതിനായി കുടുംബാംഗങ്ങള്‍ മുക്കത്തെ ആശുപത്രിയിലേക്ക് പോയിരുന്നു. രാവിലെ വീട്ടില്‍നിന്ന് പോയവര്‍ ചികിത്സാ നടപടികള്‍ പൂര്‍ത്തിയാക്കി രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്. വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നതു കണ്ട് സംശയം തോന്നിയ വീട്ടുകാര്‍ അകത്ത് പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി മനസ്സിലായത്. നാലര പവന് സ്വര്‍ണാഭരണങ്ങളും ഒന്നര ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. തുടര്‍ന്ന് വീട്ടുകാര്‍ കൊണ്ടോട്ടി പൊലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണം നടന്ന വീടും പരിസരവും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയും അന്വേഷണവും പ്രതിയിലേക്ക് എത്താന്‍ സഹായിച്ചു.
വീട്ടുകാര്‍ ചികിത്സാ ആവശ്യത്തിനായി പുറത്തുപോയ സമയം മോഷണത്തിന് ഉപയോഗിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ പ്രതിയുടെ പങ്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്. കൊണ്ടോട്ടിയില്‍ താമസിച്ചിരുന്ന കാലയളവിലെ പ്രവര്‍ത്തനങ്ങളും പൊലീസ് അന്വേഷണവിധേയമാക്കുന്നുണ്ട്. പ്രതിയെ പിടികൂടിയതോടെ മോഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. കേസില്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.








