തിരുവനന്തപുരം മോഡൽ ബോയ്‌സ് സ്‌കൂളിലെ വിദ്യാർത്ഥികളെ കലോത്സവങ്ങളിൽ മെച്ചപ്പെട്ട നിലയിൽ പരിശീലിപ്പിക്കാൻ പണം കണ്ടെത്തുന്നതിനായി ബാലഭാസ്‍‌കറിൻ്റെ സുഹൃത്തുക്കളുടെ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തുന്നു

തിരുവനന്തപുരം: ബിരിയാണി ചലഞ്ച് എന്ന് കേട്ടാൽ മലയാളിക്ക് ഇന്നതൊരു പുതുമയല്ല. സംസ്ഥാനം അടുത്ത കാലത്തായി നേരിട്ട ഒന്നിലേറെ പ്രകൃതി ദുരന്തങ്ങളിൽ ഇരകളാക്കപ്പെട്ട മനുഷ്യർക്ക് പ്രത്യാശയായി ആ ചലഞ്ച് മാറിയത് നേരിട്ടറിഞ്ഞതാണ് നാം. യുവജന സംഘടനകൾ പുതിയ കാലത്ത് ധനസമാഹരണത്തിനായി നടത്തിയ ഈ ശ്രമം തിരുവനന്തപുരം മോഡൽ ബോയ്‌സ് സ്‌കൂളിൽ ഈ മാസം 24 ന് നടക്കും. സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന ഈ ചലഞ്ചിന് പിന്നിൽ അകാലത്തിൽ കേരളത്തിന് നഷ്ടമായ പ്രശസ്ത സംഗീതജ്ഞൻ ബാലഭാസ്‌കറിൻ്റെ സുഹൃത്തുക്കളും പങ്കാളികളാകുന്നുണ്ട്.

മോഹൻലാലടക്കം നിരവധി പ്രമുഖർ പഠിച്ചിറങ്ങിയ തൈക്കാട് ഗവൺമെൻ്റ് മോഡൽ ബോയ്‌സ് സ്‌കൂളിലാണ് ബിരിയാണി ചലഞ്ച്. അന്തരിച്ച സംഗീത സംവിധായകൻ ബാലഭാസ്‌കറിൻ്റെ സുഹൃത്തുക്കളുടെ കൂട്ടായ്മയും സ്കൂളിലെ അധ്യാപകരും ചേർന്നാണ് ബിരിയാണി ചലഞ്ച് നടത്തുന്നത്. കലോത്സവ കാലം അടുത്തിരിക്കെ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട മത്സരം കാഴ്‌ചവയ്ക്കാനാവും വിധം മത്സരങ്ങൾക്ക് പരിശീലിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ബിരിയാണി ചലഞ്ച്. ഈ മാസം 24 ന് ആയിരം ബിരിയാണി വിറ്റഴിക്കാനാണ് അണിയറക്കാരുടെ ശ്രമമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ പി പ്രമോദ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചു.

ലക്ഷ്യം ആയിരം ബിരിയാണിയും 40000 രൂപയും

സ്കൂളിൽ പതിവായി വിദ്യാർത്ഥികളെ കലോത്സവങ്ങൾക്കായി ഒരുക്കുന്നത് ബാലഭാസ്കറിൻ്റെ സുഹൃത്തുക്കളാണ്. ഇതിനാവശ്യമായി വരുന്ന പണവും ഇവർ തന്നെയാണ് കണ്ടെത്തുന്നത്. ഇക്കുറി കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവെയ്ക്കുകയെന്ന ലക്ഷ്യമാണ് ബിരിയാണി ചലഞ്ചിലേക്ക് എത്തിയത്. കലോത്സവ തയ്യാറെടുപ്പിനായി രണ്ടര ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 40000 രൂപ ബിരിയാണി ചലഞ്ചിലൂടെ കണ്ടെത്താനാണ് ശ്രമം. 700 പേരിൽ നിന്ന് ബിരിയാണിക്കുള്ള ഓർഡറുകൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഇത് ആയിരത്തിലേക്ക് എത്തിക്കാനുള്ള പരിശ്രമത്തിലാണ് അധ്യാപകരും ബാലഭാസ്കറിൻ്റെ സുഹൃത്തുക്കളും.

'പെൺകുട്ടികൾ ഇല്ലാത്തതിനാൽ പല മത്സരങ്ങളിലും പങ്കെടുക്കുന്നതിന് പരിമിതികളുണ്ട്. ഇതിനെ മറികടന്ന് കലോത്സവത്തിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുകയാണ് ലക്ഷ്യം'- പ്രിൻസിപ്പൽ പ്രമോദ് വ്യക്തമാക്കി. നാടകം, ദഫ് മുട്ട്, വട്ടപ്പാട്ട്, സമൂഹഗാനം, സ്‌കിറ്റ്, മൈം തുടങ്ങിയ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നവംബർ 11,12,13 തീയ്യതികളിലാണ് ഉപജില്ലാ കലോത്സവം നടക്കുന്നത്. ഇതിൽ നാടകത്തിന് വിദ്യാർത്ഥികളെ പരിശീലിപ്പിക്കാൻ മാത്രം 50000 രൂപ ചെലവ് വരും. ഈ തുക സ്കൂളിന് സ്വന്തം നിലയ്ക്ക് കണ്ടെത്തുക പ്രയാസമാണ്. സാധാരണ ബാലഭാസ്‌കറിൻ്റെ സുഹൃത്തുക്കളാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. അവർ തന്നെ മുൻകൈയെടുത്താണ് ഈ ബിരിയാണി ചലഞ്ച് നടത്തുന്നതെന്നും പ്രമോദ് പറഞ്ഞു.